കാക്കനാട് > ഇൻഫോപാർക്കിനു സമീപം ഇന്റർനെറ്റ് കേബിളിന് തീപിടിച്ച് വ്യാപക നാശനഷ്ടം. ഇടച്ചിറ പാലത്തിനുസമീപം റോഡിലെ കെഎസ്ഇബി പോസ്റ്റുകൾ വഴി വലിച്ച ഇന്റർനെറ്റ് കേബിളുകളിലാണ് ചൊവ്വ രാവിലെ പത്തരയോടെ ആദ്യം തീപിടിച്ചത്. തുടർന്ന് മറ്റുസ്വകാര്യ ടെലിവിഷൻ കേബിളുകളും കത്തിനശിച്ചു. വഴിവിളക്കിലെ വൈദ്യുത കമ്പിയിൽനിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. ഏകദേശം 50 മീറ്ററോളം കേബിളുകൾ കത്തിനശിച്ചു.
ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ഇൻഫോപാർക്കിലെ ജീവനക്കാരടക്കം നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന തിരക്കുള്ള സമയത്താണ് തീപിടുത്തമുണ്ടായത്. ഇൻഫോപാർക്കിലും പ്രദേശത്തും മണിക്കുറുകളോളം ഇന്റർനെറ്റ് സംവിധാനം തകരാറിലായി. വൈദ്യുതി വിതരണവും തടസപ്പെട്ടു. അപകടത്തെ തുടർന്ന് ഇൻഫോപാർക്ക് റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ദൂരപരിധി പാലിക്കാതെയാണ് കേബിളുകൾ വലിച്ചതെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.
തൃക്കാക്കര അഗ്നിശമന സേന അസിസ്റ്റൻറ് ഫയർ സ്റ്റേഷൻ ഓഫീസർ യുജി സജീവ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി കെ പ്രസാദ്, ഫയർ ഓഫീസർമാരായ വിപിൻരാജ്, അജിതാബ്, അമൽരാജ്, സുധീഷ് ലാൽ, ഹോം ഗാർഡ് ഇ റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.