കൊച്ചി> പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ കരാർ കമ്പനിയായ ആർഡിഎസ് പ്രോജക്ടിനെ സർക്കാർ കരിമ്പട്ടികയിലാക്കി. കമ്പനിയുടെ എ ക്ലാസ് ലൈസൻസ് റദ്ദാക്കി പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയറുടേതാണ് നടപടി. കരിമ്പട്ടികയിലായതോടെ കമ്പനിയുടെ പേരിലോ ബിനാമി പേരിലോ അഞ്ചുവർഷം സർക്കാർ ടെണ്ടറിൽ പങ്കെടുക്കാൻ കമ്പനിക്കാകില്ല.
പാലാരിവട്ടംപാലം നിർമാണാഴിമതിയിൽ ആർഡിഎസിന്റെ പങ്ക് കൃത്യമായി കണ്ടെത്തിയതിനെ തുടർന്ന് സർക്കാർ നിർദ്ദേശപ്രകാരമാണ് പൊതുമരാമത്ത് വകുപ്പ് കമ്പനിക്കെതിരായ നടപടികളിലേക്ക് കടന്നത്. പാലം തകരാനിടയായ നിർമാണ പിഴവുകൾ ഐഐടി മദ്രാസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് നിർമാണ മേൽനോട്ട ചുമതലയുണ്ടായിരുന്ന ആർബിഡിസികെ പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശപ്രകാരം കമ്പനിക്കെതിരെ മേൽനടപടികൾ തുടങ്ങി. കഴിഞ്ഞ ഫെബ്രുവരിയിൽ കമ്പനിക്ക് വിലക്കേർപ്പെടുത്തി ആർബിഡിസികെ നോട്ടീസ് നൽകി. ആർഡിഎസ് അതിനെതിരെ ഹൈക്കോടതിയിലെത്തി. കോടതി നിർദ്ദേശ പ്രകാരം കമ്പനിയുടെ വിശദീകരണം തേടിയെങ്കിലും കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താനാണ് പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. സർക്കാർ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആർബിഡിസിെൈക വീണ്ടും ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി സ്റ്റേ അനുവദിച്ചില്ല. ഹർജി 25ന് വീണ്ടും പരിഗണിക്കുന്നുണ്ട്.
വി കെ ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ 2014 ൽ ആണ് പാലാരിവട്ടം പാലം നിർമിച്ചത്. 42 കോടിരൂപയായിരുന്നു നിർമാണ ചെലവ്. 2016 ഒക്ടോബറിൽ ഗതാഗതത്തിനായി തുറന്ന പാലം രണ്ടുവർഷത്തിനുള്ളിൽ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി മാറി. തുടർന്ന് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ പാലം പുനർനിർമിക്കാനും തീരുമാനിച്ചു. 24. 59 കോടി രൂപ ചെലവിൽ ഡിഎംആർസി പുനർനിർമിച്ച പാലം 2021 മാർച്ചിലാണ് വീണ്ടും ഗതാഗതത്തിന് തുറന്നത്. ആർഡിഎസ് എംഡി സുമിത് ഗോയൽ ആണ് പാലം നിർമാണ അഴിമതികേസിലെ ഒന്നാംപ്രതി. മുൻമന്ത്രി വി കെ ഇബ്രാംഹിംകുഞ്ഞ് അഞ്ചാംപ്രതിയാണ്.