റിയാദ് > ഉപരിപഠനത്തിന് നാട്ടിൽ പോകുന്ന കുട്ടികൾക്ക് കേളി കുടുംബ വേദി യാത്രയയപ്പ് നൽകി. കേളി കുടുംബ വേദി അംഗങ്ങളായ അനിൽ അറക്കൽ ഷൈനി അനിൽ ദമ്പതികളുടെ മക്കളായ അവന്തികക്കും അനാമികക്കും ആണ് യാത്രയയപ്പ് നൽകിയത്. പ്ലസ് ടു വരെ റിയാദ് ഇന്ത്യൻ എംബസി സ്കൂളിലാണ് ഇവർ പഠിച്ചിരുന്നത്.
പാലക്കാട് മണ്ണൂർ സ്വദേശികളായ അനിൽ അറക്കൽ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ സീനിയർ ബയോ മെഡിക്കൽ ടെക്നീഷ്യനും ഷൈനി കിങ്ഡം ആശുപത്രിയിലെ സീനിയർ ഇൻഷൂറൻസ് ഓഫിസറുമാണ്.
കേളി നടത്തുന്ന കലാ സാംസ്ക്കാരിക പരിപാടികളിലെ നിറ സാന്നിധ്യമായ കുട്ടികൾ മികച്ച ഗായികമാരും നർത്തകിമാരുമാണ്.ബാംഗ്ലൂരിലെ പെസ് യൂണിവേഴ്സിറ്റിയിൽ BBA-LLB ക്ക് ചേർന്നതായി അനാമികയും, BSC സൈക്കോളജിക്ക് ചേർന്നതായി അവന്തികയും പറഞ്ഞു.
കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ കേളി കുടുംബവേദി ആക്ടിങ് സെക്രട്ടറി സുകേഷ് കുമാർ സ്വാഗതം പറഞ്ഞു. കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ദീപ ജയകുമാർ, വിനോദ് കുമാർ, ജയകുമാർ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് മൊമെൻന്റോയും നൽകി.