തിരുവനന്തപുരം
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തീരസദസ്സുകളിൽ ലഭിച്ച പരാതികളിൽ പരിഹാരം ഉറപ്പാക്കാൻ സംസ്ഥാന, ജില്ല, നിയോജക മണ്ഡലാടിസ്ഥാനത്തിൽ സമിതിയെ ചുമതലപ്പെടുത്തി. 47 തീരകേന്ദ്രങ്ങളിൽ നടന്ന തീരസദസ്സിൽ ലഭിച്ച പരാതികളിൽ അതാതിടത്ത് പരിഹരിക്കാൻ കഴിയാത്തവ വകുപ്പിലേക്കും ബന്ധപ്പെട്ട ഏജൻസികൾക്കും കൈമാറിയിരുന്നു. ഇവയുടെ സമയബന്ധിത പരിഹാരം ഉറപ്പാക്കുകയാണ് ത്രിതലസമിതികളുടെ ഉത്തരവാദിത്വം.
സംസ്ഥാന സമിതിക്ക് ഫിഷറീസ് ഡയറക്ടർ നേതൃത്വം നൽകും. തിരദേശ വികസന കോർപറേഷൻ എംഡി, ഹാർബർ എൻജിനിയറിങ് ചീഫ് എൻജിനിയർ, മത്സ്യഫെഡ് എംഡി, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് കമീഷണർ, അഡാക്ക് എക്സിക്യൂട്ടിവ് ഡയറക്ടർ, സാഫ് എക്സിക്യൂട്ടിവ് ഡയറക്ടർ എന്നിവർ അംഗങ്ങളും പ്രോജക്ട്സ് വിഭാഗം ഫിഷറീസ് ജോയിന്റ് ഡയറക്ടർ കൺവീനറുമായിരിക്കും. ജില്ലാ സമിതിയിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർമാർ ചെയർമാനാകും. ഫിഷറീസ് അസി. ഡയറക്ടർ കൺവീനറും മത്സ്യഫെഡ് ജില്ലാ മാനേജർ, തീരദേശ വികസന കോർപറേഷൻ റീജ്യണൽ മാനേജർ, സാഫ് നോഡൽ ഓഫീസർ, ഹാർബർ എൻജിനിയറിങ് എക്സിക്യൂട്ടിവ് എൻജിനിയർ എന്നിവർ അംഗങ്ങളാകും.
ഫിഷറീസ് എക്സ്റ്റെൻഷൻ ഓഫീസർ അധ്യക്ഷനായ നിയോജക മണ്ഡലം സമിതിയുടെ കൺവീനറായി അസി. ഫിഷറീസ് എക്സ്റ്റെൻഷൻ ഓഫീസർ പ്രവർത്തിക്കും. മത്സ്യഫെഡ് പ്രോജക്ട് ഓഫീസർ, ഹാർബർ എൻജിനിയറിങ് അസി. എക്സിക്യൂട്ടിവ് എൻജിനിയർ, അഡാക്ക് മണ്ഡലംതല ഓഫീസർ, ക്ഷേമനിധി ഫണ്ട് ബോർഡ് ഓഫീസർ, സാഫ് അസി. നോഡൽ ഓഫീസർ എന്നിവർ അംഗങ്ങളാകും. അദാലത്തിലും ഫിഷറീസ് മന്ത്രിക്ക് നേരിട്ട് ലഭിച്ചതും പോർട്ടൽ മുഖേന ലഭിച്ചതുമായ പരാതികളിൽ തുടർനടപടികൾ ഉറപ്പാക്കുകയാണ് സമിതികളുടെ ഉത്തരവാദിത്വം.