കാൽഗറി (ക്യാനഡ)
ക്യാനഡ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ഫൈനലിൽ കടന്നു. പി വി സിന്ധു പുറത്തായി. സെമിയിൽ ഇരുപത്തൊന്നുകാരൻ ലക്ഷ്യ ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ 21–-17, 21–-14ന് തോൽപ്പിച്ചു. കഴിഞ്ഞവർഷം കോമൺവെൽത്ത് ഗെയിംസിലാണ് ലക്ഷ്യയുടെ അവസാന ഫൈനൽ പ്രവേശം. ഗെയിംസിൽ സ്വർണം നേടി.
പതിനൊന്നാംറാങ്കുള്ള നിഷി മോട്ടോയ്ക്കെതിരെ ലക്ഷ്യയുടെ പ്രകടനം ആധികാരികമായിരുന്നു. 19–-ാംറാങ്കുള്ള യുവതാരം 44 മിനിറ്റിൽ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചു. ഇരുവരും മൂന്നുതവണ ഏറ്റുമുട്ടിയപ്പോൾ രണ്ടാംജയമാണ്. ഫൈനലിൽ ചൈനയുടെ ലി ഷി ഫെങ്ങാണ് എതിരാളി.
വനിതാ സിംഗിൾസിൽ പി വി സിന്ധു ലോക ഒന്നാംനമ്പർ താരം ജപ്പാന്റെ അകാനെ യമാഗുചിയോട് 14–-21, 15–-21ന് തോറ്റു. 15–-ാംറാങ്കിലേക്ക് വീണ സിന്ധുവിന് പരിക്ക് മാറിയശേഷം ഈ സീസണിൽ മികവ് കാട്ടാനായിട്ടില്ല. കഴിഞ്ഞവർഷം കോമൺവെൽത്ത് ഗെയിംസ് സ്വർണം നേടിയശേഷം കിരീടം സാധ്യമായിട്ടില്ല. ഈ സീസണിൽ മാഡ്രിഡ് ഓപ്പണിൽ റണ്ണറപ്പായി. മലേഷ്യൻ മാസ്റ്റേഴ്സിൽ മൂന്നാമതായിരുന്നു.