ബറ്റുമി (ജോർജിയ)
ഇംഗ്ലണ്ട് അണ്ടർ 21 യൂറോ കപ്പ് ഫുട്ബോൾ ചാമ്പ്യൻമാർ. നാടകീയത നിറഞ്ഞ ഫൈനലിൽ സ്പെയ്നിനെ ഒരു ഗോളിന് തോൽപ്പിച്ചു. കളിയുടെ പരിക്കുസമയം സ്പാനിഷ് ക്യാപ്റ്റൻ ആബേൽ റൂയിസിന്റെ പെനൽറ്റി തടഞ്ഞ ഗോൾകീപ്പർ ജയിംസ് ട്രഫോർഡാണ് ഇംഗ്ലണ്ടിന്റെ വിജയശിൽപ്പി. ലിവർപൂൾ മധ്യനിരക്കാരൻ കർടിസ് ജോൺസ് വിജയഗോൾ കുറിച്ചു. യൂറോപ്പിലെ കൗമാരക്കിരീടത്തിൽ ഇത് മൂന്നാംതവണയാണ് ഇംഗ്ലീഷുകാർ മുത്തമിടുന്നത്. 1984നുശേഷം ആദ്യം.
ജോർജിയയിലെ അദാരാബെത് അരീനയിൽ ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾമാത്രം ബാക്കിനിൽക്കെയാണ് ജോൺസിന്റെ ഗോളെത്തിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ കോൾ പാൽമെറിന്റെ ഫ്രീകിക്കാണ് ഗോളിന് വഴിയായത്. രണ്ടാംപകുതി റൂയിസ് സ്പെയ്നിനായി വല കുലുക്കിയെങ്കിലും ഓഫ് സൈഡായി.
പരിക്കുസമയമായി 11 മിനിറ്റാണ് റഫറി അനുവദിച്ചത്. 96–-ാംമിനിറ്റിലായിരുന്നു സ്പെയ്നിന്റെ പെനൽറ്റി. റൂയിസിനെ ലെവി കോൾവിൽ ഫൗൾ ചെയ്തു. എന്നാൽ, റൂയിസിന്റെ കിക്ക് ട്രഫോർഡ് ഉജ്വലമായി തട്ടിയകറ്റി. തിരികെ കിട്ടിയ പന്ത് സ്പാനിഷ് നായകൻ വീണ്ടും തൊടുത്തെങ്കിലും ഇത്തവണയും ട്രഫോർഡ് വിട്ടുകൊടുത്തില്ല. മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പറായ ഈ ഇരുപതുകാരൻ ബേൺലിയിലേക്ക് ചേക്കേറാനൊരുങ്ങുകയാണ്.
ചൂടേറിയ ഫൈനലിൽ കളിയവസാനം ഇംഗ്ലണ്ടിന്റെ മോർഗൻ ഗിബ്സ് വൈറ്റും സ്പെയ്നിന്റെ അന്റോണിയോ ബ്ലാങ്കോയും ചുവപ്പുകാർഡ് കണ്ട് പുറത്തായി.