മിർപുർ
നാലാമത്തെ പന്തിൽ ബംഗ്ലാദേശിന്റെ ഷമീമ സുൽത്താനയെന്ന ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്ററെ ജെമീമ റോഡ്രിഗസിന്റെ കൈകളിലെത്തിച്ച് മിന്നുമണി ചരിത്രംകുറിച്ചു. ഇന്ത്യൻ കുപ്പായത്തിൽ ഈ മലയാളിപ്പെൺകുട്ടിയുടെ അരങ്ങേറ്റം മികച്ചതായി. ഇന്നിങ്സിന്റെ അഞ്ചാം ഓവർ എറിയാൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മിന്നുവിന് പന്ത് നൽകി. ആദ്യ പന്തിൽ ഷാതി റാണി ഒരു റൺ. പിന്നെ എറിഞ്ഞ രണ്ടു പന്തിൽ ഷമീമ ഒരു സിക്സറും ഫോറും പായിച്ചു. അവസാന ചിരി പക്ഷേ, മിന്നുവിന്റേതായി.
മൂന്നോവറിൽ 21 റൺ വഴങ്ങി ഒരു വിക്കറ്റെടുത്താണ് മിന്നു മിന്നിയത്. കളിയിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. മിർപുരിൽ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ 5–-114ൽ ഒതുക്കി. 22 പന്ത് ശേഷിക്കെയായിരുന്നു ജയം. 35 പന്തിൽ പുറത്താകാതെ 54 റണ്ണെടുത്ത ഹർമൻപ്രീതാണ് വിജയശിൽപ്പി. മൂന്നു മത്സരപരമ്പരയിൽ ഇതോടെ ഇന്ത്യ 1–-0ന് മുന്നിലെത്തി.
പരമ്പരയിലെ ആദ്യകളിയിൽത്തന്നെ മിന്നുവിന് ഇടംകണ്ടെത്താൻ കഴിഞ്ഞു. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ് അരങ്ങേറ്റത്തൊപ്പി സമ്മാനിച്ചത്. ഇരുപത്തിനാലുകാരിക്കൊപ്പം ആന്ധ്ര താരം അനുഷബാറെഡ്ഡിയും അരങ്ങേറ്റംകുറിച്ചു. ആദ്യ ഓവറിൽ 12 റണ്ണാണ് മിന്നു വിട്ടുനൽകിയത്. രണ്ടാം വിക്കറ്റുകൂടി ലഭിക്കേണ്ടതായിരുന്നു. എന്നാൽ, രണ്ടാമത്തെ ഓവറിന്റെ രണ്ടാംപന്തിൽ ശോഭന മൊസ്താറിയെ പൂജാ വസ്ത്രാക്കർ വിട്ടുകളഞ്ഞു.
ഇന്ത്യക്കായി വസ്ത്രാക്കർ നാലോവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 16 റൺമാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. ഷഫാലി വെർമയും ഒരെണ്ണം സ്വന്തമാക്കി. വിക്കറ്റൊന്നും നേടാനായില്ലെങ്കിലും നാലോവറിൽ 14 റൺമാത്രം വിട്ടുകൊടുത്ത ദീപ്തി ശർമയുടെ പ്രകടനവും മികച്ചതായി.
മറുപടിക്കെത്തിയ ഇന്ത്യക്ക് റണ്ണെടുക്കുംമുമ്പേ ഷഫാലിയെ നഷ്ടമായി. ജെമീമയും (11) വേഗത്തിൽ പുറത്തായി. മന്ദാന 34 പന്തിൽ 38 റണ്ണടിച്ചാണ് കൂടാരം കയറിയത്. ഹർമൻപ്രീത് വേഗത്തിൽ ചടങ്ങുകൾ പൂർത്തിയാക്കി. രണ്ട് സിക്സറും ആറ് ഫോറുമായിരുന്നു ഇന്നിങ്സിൽ. യസ്തിക ഭാട്ടിയ (9*) പുറത്തായില്ല.നാളെയാണ് രണ്ടാമത്തെ മത്സരം.