ലണ്ടൻ
വിംബിൾഡൺ ടെന്നീസിൽ നാലാംസീഡ് അമേരിക്കയുടെ ജെസീക്ക പെഗുല ക്വാർട്ടറിൽ കടന്നു. രണ്ടാംഗ്രാൻഡ് സ്ലാംമാത്രം കളിക്കുന്ന റഷ്യയുടെ പതിനാറുകാരി മിറാ ആൻഡ്രീവ പ്രീ ക്വാർട്ടറിലെത്തി.
വനിതാ സിംഗിൾസിൽ ഉക്രയ്നിന്റെ ലെസിയ സുരെങ്കോയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചായിരുന്നു പെഗുലയുടെ ക്വാർട്ടർ പ്രവേശം (6–-1, 6–-3). അവസാന എട്ടിൽ ചെക്ക് റിപ്പബ്ലിക്കിന്റെ മർക്കേറ്റ വൊൻഡ്രുസോവയാണ് പെഗുലയുടെ എതിരാളി. ചെക്കിന്റെതന്നെ മരിയെ ബൗസ്കോവയെയാണ് വൊൻഡ്രുസോവ പ്രീ ക്വാർട്ടറിൽ തോൽപ്പിച്ചത്.
ആൻഡ്രീവ റഷ്യയുടെതന്നെ അനസ്താസിയ പൊടപോവയെയാണ് മൂന്നാംറൗണ്ടിൽ തോൽപ്പിച്ചത് (6–-2, 7–-5). അമേരിക്കയുടെ മാഡിസൺ കീസാണ് അടുത്ത എതിരാളി. 102–-ാംറാങ്കുകാരിയായ ആൻഡ്രീവ ഈ വർഷം ഫ്രഞ്ച് ഓപ്പണിലൂടെയാണ് ഗ്രാൻഡ് സ്ലാം അരങ്ങേറ്റംകുറിച്ചത്. പുരുഷന്മാരിൽ ഒന്നാംറാങ്കുകാരൻ കാർലോസ് അൽകാരെസ്, മറ്റിയോ ബെറിറ്റിനി, ഗ്രിഗർ ദിമിത്രോവ് എന്നിവർ പ്രീ ക്വാർട്ടറിൽ കടന്നു.