ഹെഡിങ്ലി
ഓസ്ട്രേലിയയുടെ പേസ് ആക്രമണത്തെ ഹാരി ബ്രൂക്കുകൊണ്ട് ഇംഗ്ലണ്ട് തടഞ്ഞു. ഇരുപത്തിനാലുകാരന്റെ ബാറ്റിൽ പിടിച്ച് ഇംഗ്ലണ്ട് ആഷസ് പരമ്പരയിൽ തിരിച്ചുവന്നു. മൂന്നാംക്രിക്കറ്റിലെ ആവേശകരമായ നാലാംദിനം ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിനാണ് ജയിച്ചുകയറിയത്. ആദ്യ രണ്ട് ടെസ്റ്റും തോറ്റ ആതിഥേയർക്ക് ഈ ജയം ജീവൻ നൽകി. പരമ്പര ഇപ്പോൾ 2–-1. ഇനി രണ്ട് ടെസ്റ്റ് ശേഷിക്കുന്നു.സ്കോർ: ഓസ്ട്രേലിയ 263, 224; ഇംഗ്ലണ്ട് 237, 7–-254.
മൂന്നാംദിനം മുക്കാലും മഴയിൽ മുങ്ങിയപ്പോൾ ഇംഗ്ലണ്ട് പേസർമാർ, കിട്ടിയ സമയത്തിൽ ഓസീസ് ബാറ്റിങ് നിരയെ തകർത്തെറിയുകയായിരുന്നു.
ആ ബൗളിങ് പ്രകടനമാണ് നിർണായകമായത്. 251 റൺ ലക്ഷ്യത്തിലേക്ക് നാലാംദിനം വിക്കറ്റ് നഷ്ടമില്ലാതെ 27 എന്ന നിലയിലാണ് ഇംഗ്ലണ്ട് തുടങ്ങിയത്. മഴമാറി മാനംതെളിഞ്ഞപ്പോൾ പിച്ച് ബാറ്റർമാർക്ക് അനുകൂലമായി. പക്ഷെ, ഇംഗ്ലണ്ടിന്റെ മുൻനിര ബാറ്റർമാർ പാഠം മറന്നു. അനാവശ്യ ഷോട്ടുകളിൽ വിക്കറ്റ് തുലച്ചു. മിച്ചെൽ സ്റ്റാർക്ക് അഞ്ച് വിക്കറ്റുമായി നയിച്ചപ്പോൾ ഓസീസ് പരമ്പരജയം സ്വപ്നംകണ്ടു. എന്നാൽ, അഞ്ചാമനായെത്തിയ ബ്രൂക്കും (93 പന്തിൽ 75) വാലറ്റത്ത് ക്രിസ് വോക്സും (47 പന്തിൽ 32) ചേർന്ന് ഇംഗ്ലണ്ടിനെ തിരികെ കൊണ്ടുവരുന്നതാണ് ഹെഡിങ്ലിയിൽ കണ്ടത്. ഏഴാംവിക്കറ്റിൽ ഇരുവരും ചേർത്ത 59 റൺ പരമ്പരയിൽ ഇംഗ്ലണ്ടിന്റെ ജീവൻ നിലനിർത്തുകയായിരുന്നു. രണ്ട് ഇന്നിങ്സുകളിലുമായി ഏഴ് വിക്കറ്റും 44 റണ്ണുമടിച്ച ഇംഗ്ലീഷ് പേസർ മാർക് വുഡാണ് മാൻ ഓഫ് ദി മാച്ച്.
ബെൻ ഡക്കെറ്റിനെ (23) വിക്കറ്റിനുമുന്നിൽ കുരുക്കി സ്റ്റാർക്കാണ് ഓസീസിനായി മികച്ച തുടക്കമിട്ടത്. സ്ഥാനക്കയറ്റം കിട്ടിയ മൊയീൻ അലി (5), ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (13), ജോണി ബെയർസ്റ്റോ (5) എന്നിവരും സ്റ്റാർക്കിന്റെ ഇരകളായി. 55 പന്തിൽ 44 റണ്ണുമായി പൊരുതിയ സാക്ക് ക്രോളിയെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് മടക്കിയത്. വിശ്വസ്തനായ ജോ റൂട്ട് (21) കമ്മിൻസിന്റെ നിരുപദ്രവകരമായ പന്തിൽ പുറത്തായതോടെ ഇംഗ്ലണ്ട് ഭയന്നു. ബെയർസ്റ്റോ പുറത്താകുമ്പോൾ 6–-171 റണ്ണെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. തുടർന്നായിരുന്നു ബ്രൂക്കും വോക്സും ചേർന്നുള്ള മനോഹര പ്രകടനം. ഒമ്പത് ഫോറുകൾ പായിച്ച ബ്രൂക്ക് ജയത്തിന് 21 റണ്ണകലെവച്ച് സ്റ്റാർക്കിന്റെ പന്തിൽ കമ്മിൻസിന് പിടികൊടുക്കുമ്പോൾ ഇംഗ്ലണ്ട് തീരത്തെത്തിയിരുന്നു. പേസർ മാർക് വുഡ് (8 പന്തിൽ 16) ഒന്നാംഇന്നിങ്സിലെപ്പോലെ കിട്ടിയ പന്തുകൾ അതിർത്തിയിലേക്ക് വിട്ടു. ആദ്യ ഇന്നിങ്സിൽ എട്ട് പന്തിൽ 28 റണ്ണാണടിച്ചത്. വോക്സിന്റെ ഇന്നിങ്സിൽ നാല് ഫോർ ഉൾപ്പെട്ടു. ഇരുവർക്കും ആദ്യ രണ്ട് ടെസ്റ്റിലും ഇടം കിട്ടിയിരുന്നില്ല. പത്തൊമ്പതിന് മാഞ്ചസ്റ്ററിലാണ് മൂന്നാംടെസ്റ്റ്.