കൊച്ചി
ഏക സിവിൽ കോഡിനെതിരെ ഒരുമിച്ചുള്ള പ്രതിരോധമാണ് വേണ്ടതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. രാജ്യവ്യാപകമായി പ്രതിരോധം തീർക്കേണ്ടതുണ്ട്. അതിന് നേതൃത്വം നൽകാനാണ് സിപിഐ എം ശ്രമിക്കുന്നത്.
സിപിഐ എം ക്ഷണിച്ചതിനെതിരെ മുസ്ലിംലീഗ് ഇപ്പോൾ പറയുന്നത് അവസാനവാക്കാണെന്ന് വിശ്വസിക്കുന്നില്ല. അവർ നിലപാട് പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷ. കോൺഗ്രസിന്റെ നിലപാടിൽ വ്യക്തതയില്ല. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഏക സിവിൽ കോഡിനെതിരെ നിൽക്കുന്നുവെന്നാണ് വാർത്തകളിൽനിന്ന് മനസ്സിലാകുന്നത്. രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന കാര്യത്തിൽ ഒരുമിച്ചുള്ള നിലപാടല്ല അത്. എല്ലാ കാലത്തും മൃദു ഹിന്ദുത്വസമീപനമാണ് കോൺഗ്രസ് കാണിച്ചത്. നിലപാടുള്ള മറ്റ് സംഘടനകളോട് സിപിഐ എം സംസാരിച്ചിട്ടുണ്ടെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.