ഭോപാൽ> ആർഎസ്എസ് മുൻ മേധാവി എം എസ് ഗോൾവാൾക്കർക്കെതിരെ സമൂഹമാധ്യമത്തിൽ പരാമർശം നടത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ്ങിനെതിരെ കേസെടുത്ത് ഇൻഡോർ പൊലീസ്. അഭിഭാഷകനും ആർഎസ്എസ് പ്രവർത്തകനുമായ രാജേഷ് ജോഷി നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.
ഗോൾവാൾക്കറിന്റെ ചിത്രമടങ്ങിയ പുസ്തകത്തിന്റെ പേജ് ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് ദ്വിഗ്വിജയ് സിങ് ആരോപണം ഉന്നയിച്ചത്. ദളിത്, മുസ്ലിം, പിന്നാക്ക വിഭാഗങ്ങൾക്ക് തുല്യാവകാശം നൽകുന്നതിനേക്കാൾ ബ്രിട്ടീഷ് ഭരണത്തിൽ തുടരുന്നതാണ് ഉചിതം എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ആർഎസ്എസിന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ട് ഫോട്ടോ ഷൂട്ട് ചെയ്ത ഗോൾവാൾക്കറുടെ പടമാണ് ട്വീറ്റ് ചെയ്തതെന്ന് അവകാശപ്പെട്ട് പ്രചാരണവിഭാഗം തലവൻ സുനിൽ അംബേദ്കർ രംഗത്തെത്തിയിരുന്നു. സാമുദായിക ഐക്യം തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ട്വീറ്റെന്നും ആർഎസ്എസ് നേതാവ് പറഞ്ഞു.