മസ്കറ്റ്> ഗൾഫ് വിമാന ടിക്കറ്റ് നിരക്കിലുള്ള അനിയന്ത്രിതമായ വർധനയിൽ ഇടപെടാനാവില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് പ്രവാസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കൈരളി ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ കുനിമ്മൽ. ജൂൺ 18ന് നടന്ന ഇന്ത്യൻ എംബസി ഓപ്പൺ ഫോറത്തിൽ ടിക്കറ്റ് വർധനയ്ക്കെതിരെ മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഇടപെടാനാവില്ലെന്ന മറുപടിയാണ് എംബസി അധികൃതരും അറിയിച്ചത്.
കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ മൂന്നും നാലും ഇരട്ടിയായി കുതിച്ചുയർന്നതു കാരണം ഭൂരിപക്ഷം പ്രവാസി കുടുംബങ്ങൾക്കും ബക്രീദ് വേനലവധിക്കാലത്ത് നാട്ടിൽ പോകാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ടിക്കറ്റ് വർധന വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കൈരളി ഒമാൻ ആവശ്യപ്പെട്ടു. അവധിക്കാലത്തും ആഘോഷങ്ങൾക്കുമായി നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ തുടരുന്ന നിസ്സംഗത കൈവെടിയണമെന്നും സംഘടന ആവശ്യപ്പെട്ടു.