തിരുവനന്തപുരം
സിൻഡിക്കറ്റ് അംഗങ്ങളല്ലാത്തവർ വിസി അറിയാതെ യോഗം ചേർന്നെന്ന വ്യാജവാർത്തയുമായി മനോരമ. ആറുപേരെ സർവകലാശാല സെനറ്റിലേക്കും സിൻഡിക്കറ്റിലേക്കും സർക്കാർ നോമിനികളായി നിയമിച്ചു ഉത്തരവിറക്കിയത് മറച്ചുവച്ചായിരുന്നു നുണ പ്രചാരണം.
ഡോ. ഷിജൂഖാൻ, അഡ്വ. ജി മുരളീധരൻ, ആർ രാജേഷ്, പ്രൊഫ പി എം രാധാമണി, ഡോ.കെ ജി ഗോപ്ചന്ദ്രൻ, ഡോ. എസ് ജയൻ എന്നിവരെ സെനറ്റിലേക്കും സിൻഡിക്കറ്റിലേക്കും സർക്കാർ നിയോഗിക്കുകയും സർവകലാശാല വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. സിൻഡിക്കറ്റ് അംഗങ്ങളായി വിജ്ഞാപനം ഇറങ്ങിയാൽ ആ നിമിഷംമുതൽ അവർ സിൻഡിക്കറ്റ് അംഗങ്ങളാണെന്നും പ്രവർത്തനം തുടങ്ങാമെന്നുമാണ് സർവകലാശാല നിയമം. നിയമത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താതെയാണ് ആറ് നിയുക്ത അംഗങ്ങൾ കേരള സർവകലാശാലയിൽ അസാധാരണ അധികാര പ്രയോഗം നടത്തിയതെന്ന് വാർത്ത പടച്ചുവിട്ടത്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാതെ നിയുക്തമന്ത്രി തീരുമാനമെടുക്കുന്നതിന് സമാനമാണ് സിൻഡിക്കറ്റ് മെമ്പറാവാതെ ആറുപേരുടെ പ്രവർത്തനമെന്നാണ് തട്ടിവിട്ടത്.
ഉന്നത വിദ്യാഭ്യാസ മേഖലയെ ആക്ഷേപിക്കാൻ കള്ളക്കഥകൾ പടച്ചുവിടുന്ന ആർ എസ് ശശികുമാറും സേവ് യൂണിവേഴ്സിറ്റി ഫോറം എന്ന തട്ടിപ്പു സംഘടനയുമാണ് പുതിയ ആക്ഷേപത്തിനും മനോരമയ്ക്ക് പ്രചോദനമായത്.