കോഴിക്കോട്
മാധ്യമപ്രവർത്തനത്തിന്റെ പരിധിയിൽപ്പെടാത്ത മറുനാടനെ സംരക്ഷിക്കേണ്ട ഒരാവശ്യവും കോൺഗ്രസിനില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) യുവജനവിഭാഗം. മതസ്പർധ വളർത്തുന്ന ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന “അപരനാടൻ’ യു ട്യൂബർ, മുസ്ലിമിനെയും ക്രിസ്ത്യാനിയെയും തമ്മിൽ തല്ലിക്കുന്ന വെറുപ്പിന്റെ ഗവേഷകനാണെന്ന് സമസ്ത യുവജന സംഘടനയായ എസ്വൈഎസിന്റെ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫാസിസത്തിന് മലയാളി മണ്ണിൽ കഞ്ഞിവയ്ക്കുന്നയാളാണിയാൾ. എന്നിട്ടും അയാളുടെ വെറുപ്പിന്റെ കടയ്ക്ക് കാവൽനിൽക്കാൻ കെ സുധാകരൻ ശ്രമിക്കുന്നത് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. സിപിഐ എമ്മിനോട് വിയോജിക്കാം. നിലപാടുകളെ ചെറുക്കാം. പക്ഷേ അത് ഇത്തരം മതവിദ്വേഷികൾക്ക് സംരക്ഷണം കൊടുത്താകരുത്. ഈ ക്രിസംഘിയെ, സംഘപരിവാർ സ്തുതിപാഠകനെ പിന്തുണച്ചതുകൊണ്ട് കോൺഗ്രസിന് ഒരു ഗുണവും ലഭിക്കാൻ പോകുന്നില്ല.
വെറുപ്പിന്റെയും വർഗീയതയുടെയും ഇത്തരം ആഭാസകരെ പിന്തുണയ്ക്കുന്നത് ശരിയല്ല. രാഷ്ട്രീയമായി ഒരു നേട്ടവുമില്ലാത്ത കാര്യമാണ് കെപിസിസി നേതൃത്വം ചെയ്യുന്നതെന്നും നാസർ ഫൈസി വ്യക്തമാക്കി.
കോൺഗ്രസിനെ തള്ളി മുസ്ലിംലീഗ്
മറുനാടൻ മലയാളിയെയും ഷാജൻ സ്കറിയയെയും പൂർണമായും സംരക്ഷിക്കുമെന്ന കോൺഗ്രസ് നിലപാട് തള്ളി മുസ്ലിംലീഗ്. ഒരു യൂട്യൂബ് ചാനലും തുറന്നുവച്ച് എന്തും വിളിച്ചുപറയുന്നവരെ മാധ്യമപ്രവർത്തകരായി കാണാനാവില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമൂഹത്തിൽ മതസ്പർധയും വിദ്വേഷവും വളർത്തുന്നതാണ് ഷാജൻ സ്കറിയയുടെ വീഡിയോകൾ.
ഷാജനെ സംരക്ഷിക്കണമെന്ന നിലപാട് മുസ്ലിംലീഗിനില്ല. ആ ചാനലിനെക്കുറിച്ച് ലീഗിന് നേരത്തെ ആക്ഷേപമുണ്ട്. യാഥാർഥ്യവുമായി ബന്ധമില്ലാത്ത വാർത്തകളാണ് അവർ നൽകുന്നത്. സമൂഹത്തിൽ വിഷം കലർത്തുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും അംഗീകരിക്കാനാവില്ല. ഷാജനുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അന്വേഷിക്കണം. പൊലീസിന്റെ അന്വേഷണത്തിൽ അനീതിയുണ്ടെങ്കിൽ അത് അവസാനിപ്പിക്കണം–- പി എം എ സലാം പറഞ്ഞു.
ഷാജൻ സ്കറിയയെ സംരക്ഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽനിന്ന് വ്യത്യസ്ത നിലപാടാണ് മുസ്ലിംലീഗിന് എന്നത് കോൺഗ്രസിനെ ആശങ്കയിലാക്കുന്നതാണ്.