തിരുവനന്തപുരം
‘‘ചോദിച്ച പണം നൽകാത്ത വിദ്വേഷത്തിൽ വ്യാജ വാർത്തകളാണ് ഷാജൻ സ്കറിയ എനിക്കും കമ്പനിക്കുമെതിരെ പടച്ചുവിട്ടത്. ബ്രിട്ടീഷ് മലയാളി എന്ന ഓൺലൈൻ പോർട്ടലിൽ പരസ്യം നൽകാൻ ചോദിച്ച പണം നൽകിയില്ലെന്നതായിരുന്നു അയാളുടെ വിരോധത്തിന് കാരണം’’ ഷാജൻ സ്കറിയയുടെ വ്യാജവാർത്തകൾക്കെതിരെ ഇംഗ്ലണ്ടിൽ നിയമപോരാട്ടം നടത്തി വിജയിച്ച അഡ്വ. സുഭാഷ് മാനുവൽ ജോർജിന്റെ വാക്കുകളാണിത്.
പാലാ സ്വദേശിയായ സുഭാഷിന് രണ്ട് കേസിലായി ഒന്നരക്കോടി രൂപയാണ് ഷാജൻ നഷ്ടപരിഹാരം നൽകേണ്ടി വന്നത്. യുകെയിൽ പ്രവർത്തിക്കുന്ന ബി വൺ കമ്പനിക്കെതിരെയായിരുന്നു ഷാജന്റെ വ്യാജ വാർത്താ യുദ്ധം. ബ്രിട്ടീഷ് മലയാളിയിൽ ആദ്യഘട്ടത്തിൽ കമ്പനി പരസ്യം നൽകിയിരുന്നു. പിന്നീട് വൻ നിരക്ക് പറഞ്ഞതോടെ പരസ്യം നൽകിയില്ല. ആദ്യം ഭീഷണിയായിരുന്നു. പിന്നീടാണ് വ്യാജവാർത്തകളിലേക്ക് കടന്നത്. ഇതിനെതിരെ സുഭാഷ് കോടതിയെ സമീപിച്ചു.
തുടർച്ചയായി 11 വ്യാജവാർത്ത നൽകി. തുടർന്നാണ് സിവിൽ, ക്രിമിനൽ കേസുകൾ നൽകിയത്. ആദ്യം കേസ് പരിഗണിച്ച ഷ്രൂസ്ബെറി മജിസ്ട്രേട്ട് കോടതി 600 പൗണ്ട് പിഴയും 6000 പൗണ്ട് കോടതിച്ചെലവും ഷാജനെതിരെ വിധിച്ചിരുന്നു. കൂടാതെ, പരാതിക്കാരനെതിരെയോ സ്ഥാപനത്തിനെതിരെയോ വാർത്ത പ്രസിദ്ധീകരിക്കുന്നതിന് കോടതി വിലക്കും ഏർപ്പെടുത്തി. ഇതിനെതിരെ സ്റ്റഫോർഡ് ക്രൗൺ കോടതിയിൽ ഷാജൻ അപ്പീൽ നൽകി. കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് വാർത്ത നൽകിയെന്ന കേസിൽ നോർത്താംപ്ടൺ പൊലീസ് ഷാജനെ അറസ്റ്റും ചെയ്തിരുന്നു.