തിരുവനന്തപുരം
ആഗോള പ്രശസ്തി നേടിയ ഡിവൈഎഫ്ഐയുടെ ‘ഹൃദയപൂർവം’ പദ്ധതി അന്നമൂട്ടിയത് ആറു കോടി പേരെ. 2017ൽ ആരംഭിച്ച പദ്ധതിയിൽ സംസ്ഥാനത്ത് ഇതുവരെ വിവിധ ആശുപത്രികളിലായി -6,08,42,970 പൊതിച്ചോർ വിതരണം ചെയ്തു.
മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ വിവിധ ജില്ലകളിലെ 59 ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് സ്നേഹപ്പൊതി നൽകുന്നത്. പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്നും ഭക്ഷണവിതരണത്തിനൊപ്പം രക്തദാനവും പ്രോത്സാഹിപ്പിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
പ്രളയം, കോവിഡ് മഹാമാരി തുടങ്ങിയ പ്രതിസന്ധികളൊന്നിലും തളരാതെ മുഴുവൻ ദിവസവും അന്നമെത്തിക്കാൻ പ്രവർത്തകർക്ക് കഴിഞ്ഞു. ഓരോ ദിവസവും ഓരോ മേഖലാ കമ്മിറ്റിക്കാണ് പൊതിച്ചോറ് എത്തിക്കാനുള്ള ചുമതല. വിശക്കുന്നവന് ഭക്ഷണം നൽകാനുള്ള ഡിവൈഎഫ്ഐയുടെ ശ്രമത്തിന് വീട്ടമ്മമാരുടെ വലിയ സഹകരണമാണുള്ളതെന്ന് ഭാരവാഹികൾ പറയുന്നു. വയനാട്, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലെ പല ആശുപത്രികളിലും മൂന്നു നേരവും ഭക്ഷണം വിളമ്പുന്നുണ്ട്.
രാജ്യത്ത് മറ്റൊരു യുവജനസംഘടനകൾക്കും അവകാശപ്പെടാനാകാത്തതാണ് ഡിവൈഎഫ്ഐയുടെ ‘ഹൃദയപൂർവം’ പദ്ധതിയെന്ന് ദേശീയ അന്തർദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നു. പദ്ധതിയെ പ്രശംസിച്ച് ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയൻ വ്യാഴാഴ്ച ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.