കൊല്ലം
മലയാളസിനിമയ്ക്ക് ലോകസിനിമാഭൂപടത്തിൽ ഇടംനേടിക്കൊടുത്ത ക്ലാസിക് ചലച്ചിത്രങ്ങളുടെ നിർമാതാവും പ്രമുഖ വ്യവസായിയുമായ കെ രവീന്ദ്രനാഥൻനായർ (ജനറൽ പിക്ചേഴ്സ് രവി–- 90) അന്തരിച്ചു. ശനി പകൽ 11.40ന് കുടുംബവീടായ കൊല്ലം മുണ്ടയ്ക്കൽ നാണിനിവാസിലായിരുന്നു അന്ത്യം. അച്ചാണി രവിയെന്നും അറിയപ്പെട്ടിരുന്നു. ജൂലൈ മൂന്നിനാണ് നവതി ആഘോഷിച്ചത്. ഞായറാഴ്ച രാവിലെ കൊല്ലം പബ്ലിക് ലൈബ്രറിയിൽ പൊതുദർശനത്തിനുശേഷം പകൽ 3.30ന് കൊല്ലം ലൈബ്രറിവളപ്പിൽ സംസ്കരിക്കും.
ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിയ അരവിന്ദന്റെ തമ്പും അടൂരിന്റെ എലിപ്പത്തായവുമടക്കം ഇരുവരുടെയും ഒട്ടുമിക്ക ചിത്രങ്ങളും നിർമിച്ചത് രവീന്ദ്രനാഥൻനായരുടെ ഉടമസ്ഥതയിലുള്ള ജനറൽ പിക്ചേഴ്സാണ്. 1967ൽ പി ഭാസ്കരൻ സംവിധാനംചെയ്ത ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രമാണ് ആദ്യമായി നിർമിച്ചത്. ജനറൽ പിക്ചേഴ്സ് നിർമിച്ച 14 സിനിമകൾ 18 ദേശീയ–-സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കി. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്ക് 2008ലെ ജെ സി ഡാനിയേൽ പുരസ്കാരം നേടി.
1957-ൽ വിജയലക്ഷ്മി കാഷ്യൂ ഗ്രൂപ്പ് സ്ഥാപിച്ച അദ്ദേഹം കൊല്ലത്തുകാരുടെ രവി മുതലാളിയാണ്.വിവിധ സംസ്ഥാനങ്ങളിലായി 115 ഫാക്ടറികൾ വിഎൽസിക്ക് കീഴിലുണ്ട്. അച്ചാണി എന്ന ചിത്രത്തിന്റെ ലാഭംകൊണ്ട് നിർമിച്ച കൊല്ലം പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ കെ രവീന്ദ്രനാഥൻനായരുടെ ജീവിക്കുന്ന മുദ്രകളാണ്. ഭാര്യ: പരേതയായ ഉഷാ രവി (പിന്നണി ഗായിക). മക്കൾ: പ്രതാപ്നായർ, പ്രീത, പ്രകാശ് നായർ. മരുമക്കൾ: രാജശ്രീ, സതീഷ്നായർ, പ്രിയ.
വ്യവസായം കലരാത്ത കല
വ്യവസായി പി കൃഷ്ണപിള്ളയുടെയും നാണിയമ്മയുടെയും മകനായി 1932ൽ ജനിച്ച രവിയുടെ പ്രാഥമിക വിദ്യാഭ്യാസം കൊല്ലം കന്റോൺമെന്റ് ബേസിക് ട്രെയിനിങ് സ്കൂളിലും ഗവ. ബോയ്സ് ഹൈസ്കൂളിലും. 1955ൽ ബിരുദമെടുത്തശേഷം കശുവണ്ടി വ്യവസായരംഗത്ത്. പാറപ്പുറത്തിന്റെ അന്വേഷിച്ചു കണ്ടെത്തിയില്ല നോവൽ സിനിമയാക്കണമെന്ന ആഗ്രഹമാണ് ജനറൽ പിക്ചേഴ്സിന്റെ പിറവിയിലെത്തിച്ചത്. പി ഭാസ്കരന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തോടൊപ്പം ആ ബാനറും വെള്ളിത്തിരയിൽ തെളിഞ്ഞത് 1967ൽ. 25 ദിവസം തുടർച്ചയായി ഓടിയ സിനിമ മലയാളത്തിലേക്ക് ദേശീയ പുരസ്കാരവും എത്തിച്ചു.
പി ഭാസ്കരന്റെ സംവിധാനത്തിൽ അടുത്തവർഷം ഇറങ്ങിയ ലക്ഷപ്രഭു, കാട്ടുകുരങ്ങ് എന്നിവയും വിജയം. തുടർന്ന് 69ൽ അച്ചാണി. നിർമാതാവിന് സിനിമയുടെ പേര് ചാർത്തിക്കൊടുത്ത അപൂർവത. എ വിൻസെന്റ് സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റായതോടെ ജനറൽ പിക്ചേഴ്സ് രവി അച്ചാണി രവിയായി. മലയാളത്തെ ലോകവേദികളിലെത്തിച്ച അടൂരിന്റെയും അരവിന്ദന്റെയും എം ടിയുടെയും ചലച്ചിത്ര സ്വപ്നങ്ങൾക്കു സാക്ഷാൽക്കാരമേകി രവീന്ദ്രനാഥൻ നായർ തുടർന്ന് നടത്തിയത് വലിയ ചുവടുവെയ്-പുകൾ. ‘ഉത്തരായണ’ത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് അരവിന്ദനുമായി തുടങ്ങിയ സൗഹൃദം മലയാളത്തിന് സമ്മാനിച്ചത് എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങൾ. പതിവ് കുടുംബനാടക ശൈലി വെടിഞ്ഞ് മലയാളസിനിമ പുതുവഴി തേടുന്ന കാലം. അരവിന്ദന്റെ കാഞ്ചന സീത (1977) മാറ്റത്തിന്റെ തുടക്കമായി. തുടർന്ന് തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ. അരവിന്ദൻ‐ രവി കൂട്ടുകെട്ടിൽ ഒന്നിനൊന്ന് പുകഴ്പെറ്റ ചിത്രങ്ങൾ. എസ്തപ്പാൻ സംസ്ഥാന അവാർഡും കുമ്മാട്ടി മികച്ച ബാല ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും ലണ്ടൻ ഫെസ്റ്റിവൽ അവാർഡും തമ്പ് മികച്ച രണ്ടാമത് ചിത്രത്തിനുള്ള സംസ്ഥാന അവാർഡും നേടിയപ്പോൾ കാഞ്ചനസീത സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്കാരത്തിനും അർഹമായി. പോക്കുവെയിൽ മികച്ച രണ്ടാമത് ചിത്രത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കി. അവാർഡ് ചിത്രങ്ങൾ സാമ്പത്തിക ലാഭം നൽകില്ലെന്നറിഞ്ഞിട്ടും കലാമൂല്യമുള്ള സിനിമയ്ക്കായി പണം മുടക്കാൻ പിന്നെയും രവി തയ്യാറായി. മലയാള ചലച്ചിത്രത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച അടൂരിന്റെ എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയൻ എന്നിവ നിർമിച്ച് പ്രതിബദ്ധത തെളിയിച്ച അദ്ദേഹം കലയെ വ്യവസായമായി കണ്ടില്ല.
ദേശീയ ചലച്ചിത്ര അവാർഡ് കമ്മറ്റിയിലും സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനിലും രണ്ടു തവണ അദ്ദേഹംഅംഗമായി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗമായും 1981ലെ ദേശീയ ചലച്ചിത്രോത്സവ ജൂറിയംഗമായും പ്രവർത്തിച്ചു.