തിരുവനന്തപുരം
“നാൽപ്പത് വർഷം മുമ്പാണ് അച്ചാണി രവിയെ യാദൃച്ഛികമായി കണ്ടുമുട്ടുന്നത്. അന്ന് തുടങ്ങിയ ബന്ധമാണ്. സഹോദരതുല്യനെന്ന് പറഞ്ഞാൽ വെറും വാക്കാകും. ഹൃദയത്തിന്റെ മൂശയിൽ വിളക്കിച്ചേർത്തതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം’ കേരളത്തിന്റെ പ്രിയശിൽപ്പി കാനായി കുഞ്ഞിരാമന് വാക്കുകൾ മുഴുവിപ്പിക്കാനാകുന്നില്ല.
“മൂന്ന് ദിവസംമുമ്പ് അച്ചാണി രവിയെ കാണണമെന്ന് തോന്നി. അന്നുതന്നെ ഞാനും ഭാര്യ നളിനിയും കൊല്ലത്ത് പോയി. ഏറെ അവശനായി കിടക്കുകയായിരുന്നു അദ്ദേഹം. എന്നെ കണ്ടപ്പോൾ തലയുയർത്തി എഴുന്നേൽക്കാൻ ശ്രമിച്ചു. ഏറെനേരം അദ്ദേഹത്തിനോടൊപ്പമിരുന്ന ശേഷമാണ് മടങ്ങിയത്. പിന്നീട് കേൾക്കുന്നത് മരണവാർത്തയാണ്’.
കൊല്ലത്ത് വച്ചാണ് അച്ചാണി രവിയെ ആദ്യമായി കാണുന്നത്. അന്ന് തന്നെ കണ്ടപ്പോൾ അച്ഛന്റെ പ്രതിമ നിർമിക്കണമെന്ന് അഭ്യർഥിച്ചു. ദിവസങ്ങൾക്കുള്ളിൽ ജീവൻ തുടിക്കുന്ന പ്രതിമ കാനായി നിർമിച്ചു. പ്രതിമ കണ്ട അച്ചാണി നിറകണ്ണുകളോടെ കാനായിയെ ചേർത്തുപിടിച്ചു. അന്ന് തുടങ്ങിയ ആത്മബന്ധമാണ്.
പിന്നീട് ശിൽപ്പങ്ങൾ നിർമിക്കാൻ യോജിച്ച സ്ഥലം വേണമെന്ന് പറഞ്ഞപ്പോൾ തിരുവനന്തപുരം പൂജപ്പുരയിൽ അച്ചാണി രവിയുടെ ഉടമസ്ഥതയിലുള്ള 80 സെന്റ് സ്ഥലവും വലിയ നാലുകെട്ട് വീടും വിട്ടുതന്നു. ‘ഒരു ദിവസം വീടിന്റെ താക്കോൽ കൈയിൽ ഏൽപ്പിച്ച ശേഷം നിനക്ക് ഇഷ്ടമുള്ള കാലത്തോളം ഇവിടെ ജീവിച്ചോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ചില്ലിക്കാശ് വാടക വാങ്ങിയിട്ടില്ല’.
മൂന്നു പതിറ്റാണ്ടിലേറെയായി ആ വലിയ നാലുകെട്ടിൽ ഭാര്യ നളിനിയുമൊത്ത് കാനായി താമസിക്കുന്നു. വലിയ പറമ്പുള്ള വീടിന്റെ പിന്നിലാണ് ശിൽപ്പശാല. നിയമസഭയ്ക്കു മുന്നിലെ ഇ എം എസ് പ്രതിമ ഉൾപ്പെടെ തന്റെ പ്രധാന ശിൽപ്പങ്ങളെല്ലാം പിറന്നത് ഇവിടെയാണെന്ന് കാനായി പറയുന്നു.