തിരുവനന്തപുരം
ഉത്സവസീസണിൽ കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ നടത്താൻ കെഎസ്ആർടിസി. ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് അധിക സർവീസുകൾ നടത്തുക. 30 ദിവസംമുമ്പുവരെ സീറ്റുകൾ ബുക്ക് ചെയ്യാം. ബൾക്ക് ബുക്കിങ് 15 പേർക്കുവരെ അനുവദിക്കും.
ഒരു ട്രിപ്പിലെ ആകെ ദൂരത്തിന്റെ 75 ശതമാനത്തിൽ അധികം വരുന്ന ടിക്കറ്റുകൾ ഏതുസമയത്തും ബുക്ക് ചെയ്യാം. അമ്പത് ശതമാനത്തിൽ അധികമാണെങ്കിൽ 15 ദിവസത്തിനുമുമ്പുവരെ മാത്രമാകും. 48 മണിക്കൂറിനുമുമ്പ് മുഴുവൻ ടിക്കറ്റുകളും റിസർവ് ചെയ്യാം. എക്സ്പ്രസുമുതൽ മുകളിലുള്ള സൂപ്പർക്ലാസ് ടിക്കറ്റുകൾക്ക് ഫ്ളക്സി നിരക്ക് ഏർപ്പെടുത്തി. 30 ശതമാനം നിരക്ക് വർധനയാണ് ഉണ്ടാകുക. കഴിഞ്ഞവർഷംമുതലാണ് ഫ്ളക്സി നിരക്ക് ഏർപ്പെടുത്തിയത്.
തിരക്ക് കുറഞ്ഞ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ 15 ശതമാനം നിരക്ക് ഇളവും നൽകും. എസി സ്ലീപ്പർ, മൾട്ടി ആക്സിൽ, എസി സീറ്റർ എന്നിവയ്ക്ക് ഇളവ് ബാധകമാണ്. ഇക്കാലയളവിൽ സിംഗിൾ ബെർത്തിന് അഞ്ചുശതമാനം നിരക്ക് വർധനയുണ്ടാകും. ഇക്കാലയളവിൽ തിരക്ക് കുറവുള്ള ദിവസങ്ങളിൽ ഓൺലൈനിൽ ടിക്കറ്റുകൾക്ക് എസി സ്ലീപ്പർ, മൾട്ടി ആക്സിൽ, എസി സീറ്റർ, എക്സ്പ്രസ്, ഡീലക്സ് തുടങ്ങിയ സർവീസുകൾക്ക് പത്തുശതമാനം നിരക്ക് ഇളവുമുണ്ടാകും.