ഇംഫാൽ > ധ്രുവീകരണ രാഷ്ട്രീയത്തിലൂടെ മണിപ്പുരിനെ കലാപഭൂമിയാക്കിയ ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഇംഫാൽ ആർച്ച് ബിഷപ് ഡൊമിനിക് ലുമിനോ. മണിപ്പുരിൽ ക്രൈസ്തവരെ ലക്ഷ്യമിട്ടുണ്ടായ ആക്രമണം കൃത്യമായ ആസൂത്രണത്തോടെയായിരുന്നെന്ന് ആർച്ച് ബിഷപ് ഇടതുപക്ഷ എംപിമാരുടെ പ്രതിനിധി സംഘത്തോട് പറഞ്ഞു. ബിരേൻ സിങ് മുഖ്യമന്ത്രി പദത്തിൽ തുടരുന്നിടത്തോളം മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാനാകില്ല. അദ്ദേഹമാണ് കലാപത്തിന്റെ സൂത്രധാരൻ. കലാപകാരികളെ നിയന്ത്രിക്കാൻ ഒരു നടപടിയും കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നില്ല. രണ്ടുമാസത്തിലേറെയായി മണിപ്പൂര് കത്തിയെരിയുമ്പോഴും മൗനം തുടരുന്ന പ്രധാനമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ല–- ആർച്ച് ബിഷപ് പറഞ്ഞു.
മണിപ്പുരിൽ കൊടിയ ആക്രമണങ്ങൾക്കും പീഡനങ്ങൾക്കും ഇരയായ ക്രൈസ്തവസമൂഹത്തോടുള്ള ഐക്യദാർഢ്യവും പിന്തുണയും സിപിഐ എം രാജ്യസഭാംഗങ്ങളായ ജോൺ ബ്രിട്ടാസും ബികാഷ് രഞ്ജൻ ഭട്ടാചാര്യയും ആർച്ച് ബിഷപ്പിനെ അറിയിച്ചു. ഇംഫാൽ വികാരിജനറലും മലയാളിയുമായ ഫാദർ വർഗീസും സിപിഐ എം സംസ്ഥാന സെക്രട്ടറി ക്ഷത്രിമയൂം ശാന്തയും ബിഷപ് ഹൗസിലെ കൂടിക്കാഴ്ചയിൽ പങ്കാളികളായി.
ഫോട്ടോ: പി വി സുജിത്
മണിപ്പുരിൽ ഭരണസംവിധാനം പൂർണമായും തകർന്നെന്ന് ആർച്ച് ബിഷപ് പറഞ്ഞു. കലാപകാരികൾ ആയുധങ്ങളുമായി റോന്തുചുറ്റുകയാണ്. പട്ടാളത്തിനും പൊലീസിനും നിയന്ത്രിക്കാനാകുന്നില്ല. മെയ്ത്തീ, കുക്കി വിഭാഗങ്ങളിലെ ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണ്. മെയ്ത്തീ വിഭാഗം മാത്രമുള്ള മേഖലകളിൽപ്പോലും ആ വിഭാഗത്തിലെ ക്രൈസ്തവരും ക്രൈസ്തവസ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നത് നിഷ്കളങ്കമായി കാണാനാകില്ല. മെയ്ത്തീ വിഭാഗക്കാരായ ക്രൈസ്തവർ ആരാധന നടത്തിയിരുന്ന 247 പള്ളി തകർക്കപ്പെട്ടു. ആകെ നാന്നൂറിനടുത്ത് പള്ളി തകര്ക്കപ്പെട്ടെന്നും- ആർച്ച് ബിഷപ് പറഞ്ഞു.
ഇംഫാലിനു സമീപം കെ സുന്ധരപാമിലെ ബിരഹരി കോളേജിൽ പ്രവർത്തിക്കുന്ന അഭയാർഥിക്യാമ്പും എംപിമാർ സന്ദർശിച്ചു. ക്യാമ്പിലെ ജീവിതം പരിതാപകരമാണെന്നും സർക്കാർ സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്നും രണ്ടുമാസത്തിലേറെയായി ക്യാമ്പിൽ ദുരിതജീവിതം നയിക്കുന്നവർ പറഞ്ഞു.