കോഴിക്കോട് > ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ 15ന് കലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്ന ജനകീയ ദേശീയ സെമിനാർ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന സെമിനാറില്‍ 12,000 പേര് പങ്കെടുക്കും. പ്രമുഖ രാഷ്ട്രീയ പാർടികളും സമുദായ സംഘടനകളും ആദിവാസി ഗോത്രസംഘടനകളും സെമിനാറിൽ പങ്കാളിയാകും.
ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, ടി പി അബ്ദുള്ള കോയ മദനി, ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍, സിഎസ്ഐ ബിഷപ്പ് റോയിസ് മനോജ് വിക്ടര്‍, താമരശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍ തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ട്.
അധികാരം നിലനിർത്തുന്നതിന് രാജ്യത്ത് വർഗീയ ധ്രുവീകരണവും കലാപവും സൃഷ്ടിക്കാനുള്ള ബിജെപി–-ആർഎസ്എസ് അജൻഡയുടെ ഭാഗമാണ് ഏക സിവിൽ കോഡ് എന്നത് തുറന്നുകാട്ടുകയാണ് സെമിനാറിന്റെ ലക്ഷ്യം. സംഘാടകസമിതി യോഗത്തില്‍ കേന്ദ്രസാഹിത്യ അക്കാദമി അംഗം കെ പി രാമനുണ്ണി അധ്യക്ഷനായി. സെമിനാറിലൂടെ ഐക്യത്തിന്റ സന്ദേശം രാജ്യം മുഴുവന്‍ പ്രസരിപ്പിക്കാന്‍ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ കാര്യപരിപാടി വിശദീകരിച്ചു. കെ പി രാമനുണ്ണി ചെയര്‍മാനും പി മോഹനന് ജനറല്‍ കണ്‍വീനറുമായാണ് സംഘാടകസമിതി രൂപീകരിച്ചത്.