ഹരാരെ
ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള അവസാന ടീമിനെ ഇന്നറിയാം. യോഗ്യതാ മത്സരത്തിൽ സ്കോട്ട്ലൻഡ് നെതലർലൻഡ്സിനെ നേരിടും. പകൽ 12.30ന് ബുലവായോ ക്യൂൻസ് സ്പോർട്സ് ക്ലബ്ബിലാണ് മത്സരം. ആറ് ടീമുകൾ അണിനിരന്ന സൂപ്പർ സിക്സിൽനിന്ന് നാല് കളിയും ജയിച്ച് ശ്രീലങ്ക ഒമ്പതാമത്തെ ടീമായി യോഗ്യത നേടി. വെസ്റ്റിൻഡീസും സിംബാബ്വെയും ഒമാനും പുറത്തായി.
സ്കോട്ട്ലൻഡിന് നാല് കളിയിൽ മൂന്ന് ജയമടക്കം ആറ് പോയിന്റുണ്ട്. നെതർലൻഡ്സിന് രണ്ട് ജയത്തോടെ നാല് പോയിന്റ്. ജയിച്ചാൽ ലോകകപ്പിനുള്ള 10–-ാംടീമായി സ്കോട്ട്ലൻഡ് മുന്നേറും. റൺനിരക്കിൽ മുന്നിലായതിനാൽ വലിയ വ്യത്യാസത്തിൽ തോൽക്കാതിരുന്നാലും മതി.
സൂപ്പർ സിക്സിലെ നാലാമത്തെ മത്സരത്തിൽ ഒമാനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് വിൻഡീസ് ആദ്യ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഒമാൻ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 221 റണ്ണെടുത്തു. വിൻഡീസ് 39.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 222 റൺ നേടി വിജയിച്ചു. ഓപ്പണർ ബ്രൻഡൻ കിങ് 104 പന്തിൽ സെഞ്ചുറി നേടി (100). ക്യാപ്റ്റൻ ഷായ് ഹോപ് 63 റണ്ണുമായി പുറത്തായില്ല. വിൻഡീസ് നാളെ അവസാന മത്സരത്തിൽ ശ്രീലങ്കയെ നേരിടും. ഒമാൻ അഞ്ച് കളിയും തോറ്റു.