തിരുവനന്തപുരം
ഏക സിവിൽ കോഡിനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രക്ഷോഭം വേണ്ടെന്നും പ്രചാരണം മതിയെന്നും കെപിസിസി നേതൃയോഗം. ബില്ലിനെ എതിർക്കാൻ എഐസിസി പ്രത്യേക അനുമതി നൽകിയ സാഹചര്യത്തിൽ ഇതുസംബന്ധിച്ച് സംവാദം നടത്താനും ധാരണയായി. ബിൽ അനാവശ്യമാണെന്നും പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ പറയാമെന്നുമുള്ള ജയറാം രമേശിന്റെ നിലപാട് ആവർത്തിക്കുന്ന പ്രമേയം യോഗം അംഗീകരിച്ചു.
പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന ആവശ്യം ഉയർന്നപ്പോഴൊക്കെ രാജ്യത്ത് അതിനുള്ള അനുകൂല സാഹചര്യമില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ള ഏക പാർടി കോൺഗ്രസാണെന്ന് പ്രമേയത്തിലുണ്ട്. സിപിഐ എം ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ വിവിധ ഘട്ടങ്ങളിൽ ഇരട്ടത്താപ്പാണ് സ്വീകരിച്ചത്, രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ബിജെപി യുടെ നീക്കം.
കോൺഗ്രസ് പ്രചാരണപരിപാടികളിൽ എല്ലാവരും അണിനിരക്കണം. നിയമം നടപ്പാക്കേണ്ട രാഷ്ട്രീയ, സാമൂഹ്യ സാഹചര്യം നിലവിലില്ലെന്ന കേന്ദ്രനിയമ കമീഷൻ വാദവും പ്രമേയത്തിൽ ഉദ്ധരിച്ചു.