റിയോ ഡി ജനീറോ
ബ്രസീൽ ഫുട്ബോൾ ടീമിനെ വിജയവഴിയിൽ തിരിച്ചെത്തിക്കാൻ കാർലോ ആൻസെലോട്ടി വരുന്നു. അടുത്ത വർഷം ജൂണിൽ ഇറ്റാലിയൻ പരിശീലകൻ കാനറികളുടെ ചുമതലയേൽക്കും. നിലവിൽ റയൽ മാഡ്രിഡിന്റെ കോച്ചാണ് ആൻസെലോട്ടി. അടുത്ത ഒരു സീസണിലേക്ക് ഫെർണാണ്ടോ ഡിനിസിന് ഇടക്കാല ചുമതലയും നൽകി. ഫ്ലുമിനെസെയുടെ പരിശീലകനായ ഡിനിസ് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുമാത്രമാണ് ബ്രസീലിനെ ഒരുക്കുക. ക്ലബ്ബിന്റെ ചുമതലയിൽ തുടരും.
59 വർഷത്തിനുശേഷമാണ് ബ്രസീൽ ഒരു വിദേശ പരിശീലകനെ നിയമിക്കുന്നത്. 1965ൽ അർജന്റീനക്കാരൻ ഫിലിപോ ന്യൂനെസിനുശേഷം ആദ്യം. ബ്രസീലിനുപുറത്തുനിന്നുള്ള മൂന്നുപേർമാത്രമാണ് ഇതുവരെയും ബ്രസീൽ ടീമിനെ പരിശീലിപ്പിച്ചത്. ബ്രസീൽ സോക്കർ ഫെഡറേഷൻ ചെയർമാൻ എഡ്നാൾഡോ റോഡ്രിഗസാണ് ആൻസെലോട്ടിയുടെ വരവ് പ്രഖ്യാപിച്ചത്. ഈ വർഷം അറുപത്തിനാലുകാരനായി കാനറികൾ ശ്രമിച്ചെങ്കിലും റയലിലെ കരാർ കഴിയാതെ എങ്ങോട്ടുമില്ലെന്നായിരുന്നു ആൻസെലോട്ടിയുടെ നിലപാട്. യുവന്റസ്, എസി മിലാൻ, ചെൽസി, ബയേൺ മ്യൂണിക്, പിഎസ്ജി തുടങ്ങിയ ക്ലബ്ബുകളുടെയും പരിശീലകനായിരുന്ന ആൻസെലോട്ടി 25 ട്രോഫികൾ നേടി. നാല് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയാണിത്. രണ്ടുതവണ ഫിഫയുടെ മികച്ച കോച്ചായും തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത വർഷം അമേരിക്ക വേദിയാകുന്ന കോപ അമേരിക്കയിൽ ബ്രസീലിന്റെ ചുമതലയേൽക്കും. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ടൂർണമെന്റ്.
ഖത്തർ ലോകകപ്പിലെ ക്വാർട്ടറിലെ പുറത്താകലിനുശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയ്ക്കുപകരം മികച്ച പരിശീലകനെ തേടുകയായിരുന്നു ബ്രസീൽ. താൽക്കാലിക ചുമതല നൽകിയ റാമോൺ മെനെസിനുകീഴിൽ ദയനീയ പ്രകടനമായിരുന്നു. മൂന്ന് കളിയിൽ രണ്ടിലും തോറ്റു. 2002 ലോകകപ്പ് വിജയത്തിനുശേഷം കോപയിലും കോൺഫെഡറേഷൻസ് കപ്പിലും മൂന്നുവീതം തവണ ചാമ്പ്യൻമാരായതാണ് പ്രധാന നേട്ടം. ലോകകപ്പുകളിൽ നിരാശപ്പെടുത്തി. 2014ൽ സ്വന്തംനാട്ടിൽ സെമിയിൽ എത്തിയതാണ് വലിയ നേട്ടം. എന്നാൽ, അന്ന് ജർമനിയോട് 1–-7ന് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയുമായി മടങ്ങി. മികച്ച കളിക്കാരുണ്ടായിട്ടും സ്ഥിരതയുള്ള പ്രകടനം നടത്താനാകാതെ വീണുപോകുന്ന കാഴ്ചയാണ് കഴിഞ്ഞ കാലങ്ങളിൽ. പരിചയസമ്പന്നനായ ആൻസെലോട്ടിയിലൂടെ ഇതെല്ലാം പരിഹരിക്കാമെന്നാണ് കണക്കുക്കൂട്ടൽ. 2026 ലോകകപ്പ് മുന്നിൽക്കണ്ടാണ് തയ്യാറെടുപ്പുകൾ.