റാമള്ള
രണ്ടുദിവസത്തെ ആക്രമണത്തിനുശേഷം ജെനിൻ അഭയാർഥി ക്യാമ്പിൽനിന്ന് ഇസ്രയേൽ സൈന്യം പിൻവാങ്ങി. ആക്രമണത്തിൽ 12 പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. ഒരു ഇസ്രയേൽ സൈനികനും കൊല്ലപ്പെട്ടു. ആവശ്യമെങ്കിൽ സമാനമായ സൈനികനീക്കം ഇനിയും നടത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഭീഷണി മുഴക്കി.
കൊല്ലപ്പെട്ട പലസ്തീൻ പൗരരുടെ വിലാപയാത്രയിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. പലസ്തീൻ പതാക വീശിയും പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കിയും ഇവർ നിരത്തിൽ തിങ്ങിനിറഞ്ഞു. ആകാശത്തേക്ക് വെടിയുതിർത്തു. സൈന്യം പിൻവാങ്ങിയതോടെ ക്യാമ്പിലേക്ക് അഭയാർഥികൾ മടങ്ങിയെത്തിത്തുടങ്ങി. 14,000 പേരാണ് ഇവിടെ ഉണ്ടായിരുന്നത്. തീവ്രവാദികളെ തുരത്താനെന്ന പേരിലാണ് രണ്ടായിരത്തിൽപ്പരം ഇസ്രയേൽ സൈനികർ ഇവിടെ കടന്നുകയറി ആക്രമണം നടത്തിയത്. വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി.
ഇസ്രയേൽ സൈന്യത്തിന്റെ നടപടിയിൽ മേഖലയിൽ പ്രതിഷേധം ശക്തമാണ്. ജെനിനിലെ ജനങ്ങൾക്കുനേരെ തുറന്ന യുദ്ധം നടത്തുകയായിരുന്നു ഇസ്രയേലെന്ന് പലസ്തീൻ വിദേശമന്ത്രാലയം ആരോപിച്ചു. ജെനിനിലെ സ്വതന്ത്ര നാടക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന സംഘടന ‘ഫ്രണ്ട്സ് ഓഫ് ജെനിൻ ഫ്രീഡം തിയറ്റർ’ ഇസ്രയേൽ ആക്രമണത്തെ അപലപിച്ചു.അതിനിടെ, ബുധൻ പുലർച്ചെ ഗാസയിലേക്കും ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തി. ചൊവ്വാഴ്ച ടെൽ അവീവിൽ കാർ ഇടിച്ചുകയറിയതിൽ ഏഴുപേർക്ക് പരിക്കേറ്റു.