തിരുവനന്തപുരം
എവറസ്റ്റ് കയറാനുള്ള പണത്തിനായി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തി മുങ്ങിയ പറക്കും കള്ളനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ ഖമ്മം സ്വദേശി സമ്പതി ഉമാപ്രസാദിനെ (23)യാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രത്യേക അന്വേഷകസംഘം ബുധൻ രാവിലെ അറസ്റ്റ് ചെയ്തത്. ഹൈദരാബാദിൽനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും വിമാനയാത്ര നടത്തിയായിരുന്നു മോഷണങ്ങൾ ഏറെയും. വാഴപ്പള്ളി ടിസി 807/ രത്നമ്മയുടെ വീട്ടിൽനിന്ന് 27,000 രൂപയുടെയും മൂലവിളാകം കോമളത്ത് വീട്ടിലെ മോഹനന്റെ വീട്ടിൽനിന്ന് 5.20 ലക്ഷം രൂപയുടെയും മണക്കാട് ടിസി 41/2606 നജാബിന്റെ വീട്ടിൽനിന്ന് 50,000 രൂപയുടെയും സ്വർണാഭരണങ്ങൾ മോഷണംപോയിരുന്നു. യഥാക്രമം ജൂൺ 19, 24, 28 തീയതികളിലായിരുന്നു മോഷണം.
ആദ്യമെത്തിയത് മെയ് 28ന്
ഹൈദരാബാദിൽനിന്ന് മെയ് 28ന് വിമാനത്തിൽ തിരുവനന്തപുരത്തുവന്ന ഇയാൾ വിനോദസഞ്ചാര കേന്ദ്രങ്ങളും പത്മനാഭസ്വാമി ക്ഷേത്രവും സന്ദർശിച്ച് ജൂൺ രണ്ടിന് മടങ്ങിയതായി സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. ജൂൺ ആറിന് തിരികെ വന്ന് ഫോർട്ട്, പേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് മോഷണങ്ങൾ നടത്തി. ജൂലൈ ഒന്നിനു മടങ്ങി.
എടുക്കുന്നത് സ്വർണംമാത്രം
പകൽ സമയത്ത് ഓട്ടോയിൽ ചുറ്റിക്കറങ്ങി അടച്ചുപൂട്ടിയ വീട് കണ്ടുവയ്ക്കും. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് വീടിന്റെ ലൊക്കേഷൻ എടുക്കും. തുടർന്ന് രാത്രി എത്തി വീട് കുത്തി തുറന്ന് മോഷണം നടത്തും. സ്വർണാഭരണങ്ങൾമാത്രമാണ് എടുക്കുക.
ഒളിപ്പിച്ചത് ചാക്ക പാലത്തിൽ
മൂന്നുവീടുകളിൽനിന്ന് മോഷ്ടിച്ചതിൽ കുറച്ച് സ്വർണവും മോഷണത്തിന് ഉപയോഗിച്ച ഹൈഡ്രോളിക് കട്ടർ ഉൾപ്പെടെ ഉപകരണങ്ങളും സൂക്ഷിച്ചത് ചാക്ക പാലത്തിൽ. അപ്രോച്ചുറോഡുമായി ചേരുന്ന പാലത്തിലുള്ള ചെറിയ ഇഷ്ടിക ഗ്യാപ്പിലാണ് സ്വർണാഭരണങ്ങൾ വച്ചത്. പാലത്തിന്റെ വശത്തെ ഭിത്തിയോട് ചേർന്ന ഭാഗത്താണ് ഉപകരണങ്ങൾ വച്ചിരുന്നത്. ചോദ്യം ചെയ്തപ്പോഴാണ് ഇവ രണ്ടും കാണിച്ചു കൊടുത്തത്. കുറച്ച് സ്വർണം സ്വന്തം നാട്ടിൽ പണയംവച്ചു. ഖമ്മത്തുവച്ച് എട്ട് മോഷണക്കേസിൽ ഫെബ്രുവരിയിൽ അറസ്റ്റിലായിരുന്നു. മാർച്ചിൽ ജാമ്യത്തിൽ ഇറങ്ങി. മൂന്നുവർഷംമുമ്പ് എവറസ്റ്റ് കയറാൻ ബേസ് ക്യാമ്പിലെത്തിയെങ്കിലും മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. തുടർന്ന് 30 ലക്ഷം രൂപയുണ്ടാക്കി എവറസ്റ്റ് കീഴടക്കടണമെന്ന ആഗ്രഹത്തിലായിരുന്നു. ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. യാത്രയ്ക്ക് മിക്കപ്പോഴും വിമാനമാണ് തെരഞ്ഞെടുക്കുക.