തിരുവനന്തപുരം
സംസ്ഥാനത്തെ റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ മുപ്പത്തൊന്നിനകം സ്ഥാപിക്കാൻ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. റോഡുകളിലെ പുനർ നിശ്ചയിച്ച വേഗപരിധി വാഹനയാത്രക്കാരെ അറിയിക്കുന്നതിന് സംസ്ഥാനത്തുടനീളം ആവശ്യമായ സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കും. വിവിധ തരത്തിൽപ്പെട്ട വാഹനങ്ങളുടെ വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകൾ യാത്രക്കാർക്ക് മനസ്സിലാകുന്ന വിധത്തിലാണ് തയ്യാറാക്കേണ്ടതെന്നും യോഗം തീരുമാനിച്ചു.
സംസ്ഥാനത്തെ നിരത്തുകളിലെ ‘നോ പാർക്കിങ്’ സ്ഥലങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ മന്ത്രി ആന്റണി രാജു നിർദേശം നൽകി. ഉന്നതല യോഗത്തിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമീഷണർ എസ് ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്പോർട്ട് കമീഷണർ പ്രമോജ് ശങ്കർ, എൻഎച്ച്എഐ കേരള റീജണൽ ഓഫീസർ ബി എൽ മീണ, പൊതുമരാമത്ത് റോഡ്സ് ചീഫ് എൻജിനിയർ അജിത്ത് രാമചന്ദ്രൻ, പൊലീസ്, തദ്ദേശ ഭരണവകുപ്പ്, മോട്ടോർ വാഹനവകുപ്പ്, കെഎസ്ടിപി, കേരള റോഡ് സേഫ്റ്റി അതോറിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.