ദുബായ് > ലോകത്തിലെ ഏറ്റവും വലിയ വേസ്റ്റ് ടു എനർജി പ്ലാന്റ് ദുബായിൽ സജ്ജമായി. വേസ്റ്റ് ടു എനർജി സെന്ററിന്റെ ആദ്യഘട്ടം ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂംഉത്ഘാടനം ചെയ്തു . പാരിസ്ഥിതിക പ്രത്യാഘാതങ്ങളൊന്നും ഉണ്ടാക്കാത്ത നൂതന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന പ്ലാന്റ് 4 ബില്യൺ ദിർഹം ചെലവഴിച്ചാണ് ദുബായിലെ വാർസനിൽ നിർമ്മിച്ചിരിക്കുന്നത്.
വാർസനിലെ വേസ്റ്റ് ടു എനർജി സെന്ററിന്റെ പ്രവർത്തനങ്ങളുടെ തുടക്കം, ലോകത്തിലെ ഏറ്റവും മികച്ച സുസ്ഥിര ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള തന്ത്രം കൈവരിക്കുന്നതിന് ദുബായിക്ക് ഗുണകരമാകും.
സാമ്പത്തിക വികസന പരിപാടികൾ സുസ്ഥിരതയുടെയും പാരിസ്ഥിതിക സംരക്ഷണത്തിന്റെയും ഉയർന്ന നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ മികച്ച ഭാവി കെട്ടിപ്പടുക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നു പ്ലാൻറ് ഉത്ഘാടനം ചെയ്ത് ഷെയ്ഖ് ഹംദാൻ പറഞ്ഞു.
മാലിന്യ-ഊർജ്ജ പരിവർത്തന പ്രവർത്തനങ്ങൾ ഷെയ്ഖ് ഹംദാൻ വീക്ഷിച്ചു. പ്ലാന്റിന്റെ അഞ്ച് ലൈനുകളിൽ രണ്ടെണ്ണം പ്രവർത്തനക്ഷമമാക്കി, നിലവിൽ പ്രതിദിനം ഏകദേശം 2,300 ടൺ ഖരമാലിന്യം സംസ്കരിക്കുന്നുണ്ട്.