കാടകം (കാസർകോട്)
കോവിഡ് പ്രതിസന്ധിയിൽ പ്രവാസം അവസാനിപ്പിക്കേണ്ടിവന്ന സുനിൽകുമാറിനും -ശ്രുതിക്കും ആറുവർഷത്തെ കാത്തിരിപ്പിനുശേഷം കിട്ടിയ പൊന്നോമനയാണ് ഹൃതിക് (ഇദൂട്ടൻ). അവന്റെ ഹൃദയംതുറന്ന ചിരിയാണ് കാടകം ശാന്തിനഗർ ‘മാധവം’ വീട്ടിലെ ഇപ്പോഴത്തെ സന്തോഷത്തിന്റെ കാരണം. 2020 മാർച്ച് രണ്ടിന് അവൻ ജനിച്ചതുമുതൽ ഇതായിരുന്നില്ല അവസ്ഥ.
ജന്മനാ ഹൃദയ അറകൾക്ക് ദ്വാരമുണ്ടെന്ന് കണ്ടെത്തി. കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ. ഓക്സിജൻ കിട്ടാനുള്ള പ്രയാസം. ശരീരത്തിന്റെ നിറം മാറ്റം. ഉടൻ ശസ്ത്രക്രിയ ചെയ്യേണ്ട സാഹചര്യം. ഇതോടെ സർക്കാറിന്റെ ഹൃദ്യം പദ്ധതിയറിഞ്ഞ് ജില്ലാ ആശുപത്രിയിൽ രജിസ്റ്റർചെയ്തു. ജൂൺ അവസാനത്തോടെ പ്രാഥമിക പരിശോധന പൂർത്തിയാക്കി സർക്കാർ,- സ്വകാര്യ ആശുപത്രികളുടെ പട്ടിക നൽകി. ഇവർ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി തിരഞ്ഞെടുത്തു. ജൂലൈ 15ന് പുലർച്ചെ തുടങ്ങി. വൈകിട്ടോടെ ശസ്ത്രക്രിയ വിജയകരം.
ഇപ്പോൾ അനിയത്തി ഹൃദയയ്ക്കൊപ്പം അവൻ ഓടിച്ചാടി നടക്കുന്നു. ആ സന്തോഷമാണ് വാർത്തയെന്ന പേരിൽ ചില ചാനലുകൾ തകർക്കാൻ നോക്കുന്നത്. ആരൊക്കെ കച്ചമുറുക്കി ഇറങ്ങിയാലും അതിനുള്ള പരിപ്പ് വേവില്ലെന്ന് ഉറപ്പിക്കുന്നതാണ് ഈ അനുഭവ സാക്ഷ്യങ്ങൾ.