തിരുവനന്തപുരം
എഐ കാമറ വഴി പിഴ ഈടാക്കുന്നതിൽ പരാതിയുണ്ടെങ്കിൽ അറിയിക്കാൻ മൊബൈൽ ആപ് സജ്ജമാക്കും. ആഗസ്ത് അഞ്ചുമുതൽ സൗകര്യമുണ്ടാകും. സൂക്ഷ്മ പരിശോധനയ്ക്കായി ജില്ലാതല മോണിട്ടറിങ് കമ്മിറ്റി രൂപീകരിക്കും. റോഡ് വീതി കൂട്ടിയതിനെത്തുടർന്ന് മാറ്റിയ 16 കാമറയിൽ 10 എണ്ണം ഈ മാസം പുനഃസ്ഥാപിക്കും. ഇതര സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും പിഴ ഈടാക്കും.
കെഎസ്ഇബി, ജല അതോറിറ്റി, അഗ്നിരക്ഷാസേന എന്നിവയുടെ വാഹനങ്ങളെല്ലാം അടിയന്തര സർവീസായി പരിഗണിക്കണം. കെഎസ്ഇബി വാഹനത്തിന് പിഴയിട്ടതും തിരിച്ച് മോട്ടോർ വാഹനവകുപ്പ് ഓഫീസിലെ ഫ്യൂസ് ഊരിയതും ആവർത്തിക്കരുത്. പരാതികൾ ഗതാഗത കമീഷണർ പരിശോധിക്കണം. ബിൽ അടച്ചില്ലെങ്കിൽ കെഎസ്ഇബിക്ക് ഫ്യൂസ് ഊരാനുള്ള അവകാശമുണ്ട്. വിഐപി വാഹനങ്ങളിലടക്കം മുന്നിലിരിക്കുന്നവർ സീറ്റ്ബെൽറ്റ് ധരിക്കണം. പൊലീസ് വാഹനങ്ങളും നിയമം പാലിക്കാൻ ബാധ്യസ്ഥമാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
ഇന്ന് യോഗം
പുതുക്കിയ വാഹന വേഗപരിധിയുടെയും പാർക്കിങ് സ്ഥലങ്ങളുടെയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ബുധനാഴ്ച ചേരും.