കോഴിക്കോട്> ഏകീകൃത സിവിൽകോഡ് വിഷയത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളെയും സംഘടനകളെയും യോജിപ്പിച്ച് പ്രചരണ– പ്രക്ഷോഭം സംഘടിപ്പിക്കാൻ മുസ്ലിം കോഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. ബോധവൽക്കരണത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിക്കും. നിയമ– രാഷ്ട്രീയ പോരാട്ടമാണു ഉയർത്തിക്കൊണ്ടുവരിക. വിഷയം മുസ്ലിങ്ങളെമാത്രം ബാധിക്കുന്നതല്ല. ഇതിന്റെ മറവിൽ മത– സാമുദായിക ധ്രുവീകരണനീക്കം അനുവദിക്കില്ല– മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിപിഐ എം ഈ വിഷയത്തിൽ നടത്തുന്ന സെമിനാറിനെപ്പറ്റി ബന്ധപ്പെട്ട സംഘടനകളാണ് തീരുമാനിക്കേണ്ടത്. കോൺഗ്രസിന് ഏകസിവിൽ കോഡിനെ എതിർക്കുന്ന സമീപനമാണെന്നും നേതാക്കൾ പറഞ്ഞു. മുസ്ലിംലീഗ് മുൻകൈയെടുത്ത് വിളിച്ച കോഡിനേഷൻ യോഗത്തിൽ ജമാഅത്തെ ഇസ്ലാമി, ഇരുവിഭാഗം സുന്നികൾ ഉൾപ്പെടെ പതിനൊന്ന് സംഘടന പ്രതിനിധികൾ പങ്കെടുത്തു. സെമിനാർ നടത്തിപ്പിന്ന് കോർ കമ്മിറ്റിയും രൂപീകരിച്ചു.
എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ, എം പി അബ്ദുസമദ് സമദാനി, എംഎൽഎമാരായ കെ പി എ മജീദ്, ആബിദ് ഹുസൈൻ തങ്ങൾ, ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം, കോയ്യോട് ഉമ്മർ മുസ്ല്യാർ (സമസ്ത– ഇകെ), പ്രൊഫ. എ കെ അബ്ദുൾഹമീദ് (സമസ്ത എ പി), ടി പി അബ്ദുള്ളക്കോയ മദനി (കെ എൻ എം), എം കെ മുഹമ്മദലി (ജമാഅത്തെ ഇസ്ലാമി), എം എ ബാവ മുസ്ല്യാർ (ദക്ഷിണ കേരള ജംഇയ്യത്തുൽഉലമ), പി എൻ അബ്ദുല്ലതീഫ് മദനി, ഡോ. ഇ കെ അഹമ്മദ്കുട്ടി (മർക്കസുദുഅ്വ), ഡോ. പി എ ഫസൽഗഫൂർ (എം ഇ എസ്), എൻജിനീയർ പി എ മമ്മദ്കോയ (എം എസ് എസ്), അബുൽഖൈർ ഖാസിമി (തബ്ലീഗ് ജമാഅത്ത്) എന്നിവർ പങ്കെടുത്തു.