ദുബായ് > എമിറാത്തി ചരിത്രകാരനും ഗ്രന്ഥകാരനും പത്രപ്രവർത്തകനുമായ പീറ്റർ ഹെല്ലിയറുടെ നിര്യാണത്തിൽ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം രേഖപ്പെടുത്തി.
അഭിമാനകരമായ നേട്ടങ്ങളുടെ ട്രാക്ക് റെക്കോർഡ് അടയാളപ്പെടുത്തിയ ജീവിതത്തിന് ശേഷം 75-ാം വയസ്സിൽ ജൂലൈ 2 ഞായറാഴ്ചയാണ് ഹെല്ലിയർ അന്തരിച്ചത്.
പീറ്റർ ഹെലിയർ യുഎഇയെ വർഷങ്ങളോളം സേവിക്കുകയും പുരാവസ്തു, പരിസ്ഥിതി, മാധ്യമം എന്നീ മേഖലകളിൽ ശാശ്വതമായ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നതായി ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
1975-ൽ യുഎഇയിൽ എത്തി താമസിക്കുകയും പുതിയ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്ത മുതിർന്ന ചരിത്രകാരനാണ് പീറ്റർ ഹെലിയർ. യുഎഇയിലെ നിരവധി പ്രധാന പുരാവസ്തു കേന്ദ്രങ്ങൾ കണ്ടെത്തിയ അബുദാബി ഐലൻഡ്സ് ആർക്കിയോളജിക്കൽ സർവേയുടെ സ്ഥാപക പങ്കാളിയും ഡയറക്ടറുമായതിനാൽ പുരാവസ്തുഗവേഷണത്തോടുള്ള അഭിനിവേശത്തിന് അദ്ദേഹം പ്രശസ്തനായിരുന്നു.
എമിറേറ്റ്സ് നാച്ചുറൽ ഹിസ്റ്ററി ഗ്രൂപ്പിന്റെ മുൻ ചെയർമാനായിരുന്ന അദ്ദേഹം രാജ്യത്തിന്റെ പൈതൃകം, ചരിത്രം, വന്യജീവി എന്നിവയെക്കുറിച്ച് നിരവധി ലേഖനങ്ങളും നിരവധി സർക്കാർ വാർഷിക പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.