തിരുവനന്തപുരം
നിയമന ശുപാർശകൾ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽക്കൂടി ലഭ്യമാക്കാൻ കേരള പബ്ലിക് സർവീസ് കമീഷൻ തീരുമാനിച്ചു. ജൂലൈമുതൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് പട്ടികകളിൽനിന്നുള്ള നിയമന ശുപാർശകളാണ് ഓൺലൈനിൽ ലഭ്യമാക്കുക. നിയമന ശുപാർശകൾ തപാൽവഴി അയക്കുന്നതു തുടരും. ക്യുആർ കോഡോടുകൂടിയുള്ള നിയമന ശുപാർശാ മെമ്മോയായിരിക്കും പ്രൊഫൈലിൽ ലഭ്യമാക്കുക. അവ സ്കാൻ ചെയ്ത് ആധികാരികത ഉറപ്പാക്കാൻ നിയമനാധികാരികൾക്ക് സാധിക്കും. ഉദ്യോഗാർഥികൾക്ക് ഒടിപി ഉപയോഗിച്ച് സുരക്ഷിതമായി അവരുടെ പ്രൊഫൈലിൽനിന്ന് നിയമന ശുപാർശ ഡൗൺലോഡ് ചെയ്യാം. വിലാസത്തിലെ അവ്യക്തതമൂലമോ വിലാസം മാറിയതുമൂലമോ നിയമന ശുപാർശ മെമ്മോകൾ യഥാസമയം ലഭിച്ചില്ലെന്ന പരാതികൾക്ക് ഇതോടെ പരിഹാരമാകും.
കാലതാമസമില്ലാതെ നിയമന ശുപാർശ ലഭിക്കും. വിവിധ വകുപ്പുകളിലേക്കുള്ള നിയമന ശുപാർശ കത്തുകൾ ഇ–- വേക്കൻസി സോഫ്റ്റ്വെയർ വഴി നിയമനാധികാരികൾക്ക് നേരിട്ട് ലഭ്യമാക്കാനും പിഎസ്സി തീരുമാനിച്ചു.