തിരുവനന്തപുരം
പുനർജനി തട്ടിപ്പുകേസിൽ അന്വേഷണം നേരിടുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംഎൽഎ ഫണ്ട് ദുരുപയോഗം ചെയ്തതായി വിജിലൻസിന് കൂടുതൽ പരാതികൾ.
ചിറ്റാറ്റുകര പതിനൊന്നാം വാർഡിൽ ചെറിയ പല്ലംതുരുത്തിലെ അലുമിനിയം കമ്പനിയോടു ചേർന്ന് എംഎൽഎ ഫണ്ടുപയോഗിച്ച് ടൈൽ വിരിച്ച റോഡ് നിർമിച്ചിരുന്നു. പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്താത്ത റോഡാണിത്. തൊട്ടടുത്തുള്ള വേലംകടവ് -തട്ടുകടവ് റോഡ്, ഈരേപ്പാടം റോഡ് തുടങ്ങിയവയുടെ എസ്റ്റിമേറ്റും ജനങ്ങളുടെയും പഞ്ചായത്തിന്റെയും ആവശ്യവും തള്ളിയാണ് ഇത് നിർമിച്ചതെന്നും പരാതിയിൽ പറയുന്നു. കോൺഗ്രസ് ബൂത്ത് പ്രസിഡന്റിനും സഹോദരങ്ങൾക്കും വേണ്ടി പ്രതിപക്ഷ നേതാവ് സ്വജനപക്ഷപാതം നടത്തിയെന്ന് പരാതിക്കാരനായ ചിറ്റാറ്റുകര സ്വദേശി പി കെ നജാസ് പറഞ്ഞു.
പറവൂർ മണ്ഡലത്തിലെ ഏഴിക്കര പഞ്ചായത്തിൽ സതീശന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിനും കോൺഗ്രസ് നേതാവിനും വേണ്ടി റോഡ് നിർമിച്ചുവെന്നാണ് മറ്റൊരു പരാതി. പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന വ്യക്തിക്ക് തീറെഴുതി നൽകിയ സ്ഥലത്തേക്ക് റോഡും കൾവർട്ടും നിർമിച്ചെന്നും ഇതിനായി എംഎൽഎ ഫണ്ട് ദുരുപയോഗപ്പെടുത്തിയെന്നുമാണ് പൊതുപ്രവർത്തകനായ എ എസ് ദിലീഷിന്റെ പരാതിയിൽ പറയുന്നത്.
രണ്ട് പരാതിയും വിജിലൻസിന്റെ പ്രത്യേകാന്വേഷണ സംഘത്തിന് മുന്നിലുണ്ട്. പുനർജനി റോഡ് നിർമാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾക്കൊപ്പം പുതുതായി എത്തിയ ആരോപണങ്ങളും വിജിലൻസ് പരിശോധിക്കും. ആരോപണ വിധേയമായിരിക്കുന്ന പുനർജനി റോഡിനും ഫ്രണ്ട്ഷിപ് റോഡിനും അനുമതി നൽകിയിരുന്നില്ലെന്നും സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ചിറ്റാറ്റുകര പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു.