കോട്ടയം
എംപിമാരായ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും തോമസ് ചാഴികാടനും മണിപ്പുർ ദുരിത മേഖലയിൽ സന്ദർശനം തുടരുന്നു. ഇവർ ഇംഫാലിൽ ക്രൈസ്തവ ദേവാലയങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങൾ സന്ദർശിച്ചു. ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തി.
മണിപ്പുരിലെ സ്ഥിതിഗതികൾ പുറംലോകം അറിയുന്നതിനേക്കാൾ അതിരൂക്ഷമാണെന്ന് ഇരുവരും പറഞ്ഞു. എംപിമാരാണെന്ന് പറഞ്ഞിട്ടും മെയ്ത്തീ വിഭാഗക്കാർ പരിശോധനയ്ക്ക് വിധേയമാക്കി. വനിതകളടക്കമുള്ളവർ ചോദ്യം ചെയ്തു. മെയ്ത്തീ വിഭാഗക്കാരായ വനിതകൾ സൈനിക ഉദ്യോഗസ്ഥരെ പോലും വഴിയിൽ തടയുന്നുണ്ട്. ഇംഫാലിലെ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, സ്കൂളിനോടു ചേർന്നുള്ള സെന്റ് പോൾസ് ദേവാലയം എന്നിവ പൂർണമായും തകർത്തിരിക്കുകയാണ്. ദേവാലയത്തോടു ചേർന്നുള്ള പാസ്റ്ററൽ സെന്ററും ആക്രമിച്ചു. പാസ്റ്ററൽ സെന്ററിലെ ഫർണിച്ചർ, ലൈബ്രറി എന്നിവ തല്ലിത്തകർത്തു. ബിഷപ്പുമാരെ പോലും ആക്രമിച്ചു. മണിപ്പുരിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആസൂത്രിതമായ അക്രമത്തിൽ ഇംഫാൽ ആർച്ച് ബിഷപ്പ് ഡോ. ഡൊമിനിക് ലൂമോൺ ആശങ്ക അറിയിച്ചതായി എംപിമാർ പറഞ്ഞു.
ഇംഫാൽ, കാംഗോപ്കി എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ ആയിരക്കണക്കിന് അഭയാർഥികളെയും കലാപബാധിതരെയുമാണ് കാണാനായത്. കൂടുതൽ അക്രമമുണ്ടായ സയ്തു മണ്ഡലത്തിലെ ജനപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിൽനിന്നുള്ള ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന വൈദ്യസംഘം എത്തിയിട്ടുള്ളത് ഏറെ ആശ്വാസകരമാണ്. ഇവരുടെ സേവനങ്ങൾ ക്യാമ്പുകളിലും ദുരിതബാധിത മേഖലകളിലും ഏറെ സഹായകമാണെന്നും അവർ പറഞ്ഞു.