തിരുവനന്തപുരം
ഏകീകൃത തദ്ദേശവകുപ്പിൽ ഇന്റർ ട്രാൻസ്ഫറബിലിറ്റി (സ്ഥാപനങ്ങൾക്കിടയിലെ പരസ്പര മാറ്റം) സാധ്യമാക്കി ആദ്യ പൊതു സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി. അപേക്ഷമുതൽ സ്ഥലംമാറ്റ ഉത്തരവുവരെ പൂർണമായും ഓൺലൈനിൽ പൂർത്തിയാക്കി. മൂന്നുവർഷം ഒരു ഓഫീസിൽ പൂർത്തിയാക്കിയ എല്ലാവരെയും മാറ്റി. ജീവനക്കാർക്ക് പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലേക്കെല്ലാം സ്ഥലംമാറ്റം ലഭിക്കും. തദ്ദേശവകുപ്പ് ജില്ലാ, സംസ്ഥാന ഓഫീസുകളിലേക്കും മാറാം. ഇത്ര വിപുലമായ സ്ഥലംമാറ്റ നടപടി ചരിത്രത്തിലാദ്യമാണ്.
തദ്ദേശവകുപ്പിലെ 31,451 ജീവനക്കാരുടെയും വിവരം ശേഖരിച്ച് കുറ്റമറ്റ നിലയിലായിരുന്നു പ്രക്രിയ. സംസ്ഥാന, ജില്ലാ തലത്തിലായി 13,279 പേരാണ് അപേക്ഷിച്ചത്. സംസ്ഥാനതലത്തിൽ അപേക്ഷിച്ച 7875 പേരിൽ അർഹരായ 6316 പേർക്ക് (80.2 ശതമാനം) മാറ്റം അനുവദിച്ചു. ജില്ലാതലത്തിൽ നടപടി പുരോഗമിക്കുന്നു. ഉത്തരവ് ഉടൻ പുറത്തിറങ്ങും.
മൂന്നുവർഷമായ ജീവനക്കാരെ നിർബന്ധമായും അല്ലാത്തവരെ അപേക്ഷയുടെ അടിസ്ഥാനത്തിലുമാണ് പരിഗണിച്ചത്. സ്ഥലംമാറ്റ മാനദണ്ഡങ്ങളുടെ കരട് സർവീസ് സംഘടനകളുമായി ചർച്ചചെയ്താണ് അന്തിമമാക്കിയത്. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ അസോസിയേഷനുകളുമായും ചർച്ച നടത്തി.
സാമ്പത്തിക വർഷാരംഭത്തിൽത്തന്നെ സ്ഥലംമാറ്റം നടത്തി, പദ്ധതി നടത്തിപ്പിന് വേഗം കൂട്ടണമെന്ന ആവശ്യംകൂടിയാണ് ഇതോടെ ഫലംകണ്ടത്. . പരാതിയുള്ളവർക്ക് അപ്പീൽ നൽകാനും സൗകര്യമുണ്ട്.