തിരുവനന്തപുരം
തമിഴ്നാട്ടിൽ മൂന്നാമത് വന്ദേഭാരത് എക്സ്പ്രസ് ഓടിക്കാൻ ശ്രമിക്കുന്ന ദക്ഷിണ റെയിൽവേ കേരളത്തോട് വിവേചനം കാട്ടുന്നു. സംസ്ഥാനത്തിന് അനുവദിച്ച രണ്ടാമത് വന്ദേഭാരത് എക്സ്പ്രസ് എന്ന് നൽകുമെന്ന് അധികൃതർ പറയുന്നില്ല. ചെന്നൈ–- മധുര റൂട്ടിലാണ് തമിഴ്നാട്ടിലെ മൂന്നാമത് വന്ദേഭാരത് ഓടിക്കുന്നത്. ഇതിന്റെ ഭാഗമായി ട്രാക്ക് അറ്റകുറ്റപ്പണികളും പാലങ്ങളുടെ ബലപ്പെടുത്തൽ ഉൾപ്പെടെയുള്ള പ്രവൃത്തി നടക്കുകയാണ്. 138 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്താനാണ് ആലോചനയെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. എഗ്മൂരിൽനിന്ന് തിരുപ്പതി വഴി വിജയവാഡയിലേക്കുള്ള സർവീസിന് അംഗീകാരമായി.
പൊതുതെരഞ്ഞെടുപ്പിന് ഒരുവർഷം ബാക്കി നിൽക്കെ തമിഴ്നാട് ബിജെപി ഘടകത്തിന്റെ ആവശ്യപ്രകാരം -തിരുനെൽവേലിവരെ വന്ദേഭാരത് അനുവദിക്കുമെന്നാണ് സൂചന. അതേസമയം കേരളത്തിൽ അനുവദിക്കുന്ന രണ്ടാമത്തെ വന്ദേഭാരത് എറണാകുളം– -ബംഗളൂരു റൂട്ടിൽ ഓടിച്ചാൽ ലാഭകരമാകുമെന്നാണ് സാധ്യതാ പഠനത്തിൽ കണ്ടെത്തിയത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ഓടുന്ന 23 വന്ദേഭാരതിൽ ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത് കാസർകോട്– -തിരുവനന്തപുരം സെൻട്രൽ വന്ദേഭാരതാണ്. 183 ശതമാനം ശരാശരി യാത്രക്കാർ. രണ്ടാംസ്ഥാനത്ത് തിരുവനന്തപുരം സെൻട്രൽ–- കാസർകോട് വന്ദേഭാരതാണ്. 176 ശതമാനം യാത്രക്കാർ. ഇതിനു പിന്നിലാണ് ഗാന്ധിനഗർ–- മുംബൈ വന്ദേഭാരത്. 134 ശതമാനമാണ് യാത്രക്കാർ.