കൊച്ചി
വൈറ്റില സിൽവർസാൻഡ് ഐലൻഡിൽ സൈനികർക്കായി നിർമിച്ച ബഹുനിലമന്ദിരങ്ങളുടെ നിർമാണപ്പിഴവിൽ കോർട്ട് ഓഫ് എൻക്വയറിക്ക് ഉത്തരവ്. 28 നിലകൾവീതമുള്ള ഇരട്ട ടവറുകളുടെ കേടുപാടുകൾക്ക് ഉത്തരവാദികളായവരെ കണ്ടെത്താനും പരിഹാരനടപടികൾ നിർദേശിക്കാനുമാണ് കരസേന കോർട്ട് ഓഫ് എൻക്വയറി പ്രഖ്യാപിച്ചത്. മൂന്നംഗസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോർട്ട് മാർഷൽ ഉൾപ്പെടെ നടപടികളിലേക്ക് കടക്കാനാകും.
ഉന്നത കരസേനാമേധാവികൾ ഉൾപ്പെടുന്ന ബോർഡ് ഓഫ് ഗവേണൻസിനുകീഴിൽ വിരമിച്ച സൈനികരും ഉൾപ്പെടുന്ന ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ (എഡബ്ല്യുഎച്ച്ഒ) നിർമിച്ച് കൈമാറിയ ഭവനസമുച്ചയങ്ങളാണ് ഗുരുതര തകർച്ച നേരിടുന്നത്. കൊച്ചി കരസേനാ ആസ്ഥാനത്തെ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമയാണ് അന്വേഷണം പ്രഖ്യാപിച്ചത്. കേണൽ ദിഗ്വിജയ് സിങ്ങാണ് അന്വേഷകസംഘത്തിന്റെ അധ്യക്ഷൻ. കേണൽ കെ ജയചന്ദ്രൻ, കേണൽ അലക്സ് സിറിയക് എന്നിവർ അംഗങ്ങളും. ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
നിർമാണച്ചുമതല എഡബ്ല്യുഎച്ച്ഒക്കായിരുന്നെങ്കിലും അതിനുമുകളിൽ ഉന്നത സൈനികമേധാവികൾ ഉൾപ്പെട്ട ബോർഡ് ഓഫ് ഗവേണൻസ് എന്ന നിയന്ത്രണസംവിധാനവുമുണ്ട്. അതുകൊണ്ടാണ് കോർട്ട് ഓഫ് എൻക്വയറി നടത്തുന്നത്. സൊസൈറ്റി മാതൃകയിൽ രൂപീകരിച്ച എഡബ്ല്യുഎച്ച്ഒയുടെ പ്രധാന ചുമതലക്കാരെല്ലാം വിരമിച്ച സൈനികരാണ്. ഉന്നത സൈനികോദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കോർട്ട് മാർഷൽപോലുള്ള നടപടികളിലേക്ക് കടക്കും. അല്ലാത്തപക്ഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കോടതിനടപടികളിലേക്ക് നീങ്ങും.
രൂപഘടനയിൽ മാറ്റംവരുത്തിയതും നിലവാരമില്ലാത്ത നിർമാണസാമഗ്രികൾ ഉപയോഗിച്ചതുമാണ് ടവറുകളുടെ തകർച്ചയ്ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. 2018ൽ പൂർത്തിയാക്കിയ ഭവനസമുച്ചയത്തിൽ അടുത്തവർഷംതന്നെ വിള്ളലും പൊട്ടലും കണ്ടുതുടങ്ങിയിരുന്നു. തുടർന്ന് ബ്യൂറോ വേരിറ്റാസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് (ബിവിഐഎൽ) നടത്തിയ പരിശോധനയിൽ ഗുരുതര നിർമാണപ്പിഴവ് കണ്ടെത്തി. നിർമാണത്തിന് ഉപ്പ് (ക്ലോറൈഡ്) കലർന്ന വെള്ളം ഉപയോഗിച്ചതും നിലവാരമില്ലാത്ത നിർമാണസാമഗ്രികളും തകർച്ചയ്ക്ക് കാരണമായി. അറ്റകുറ്റപ്പണിയിലൂടെ ഫ്ലാറ്റ് നിലനിർത്താനാകില്ലെന്നും 10 വർഷത്തിനകം തകരുമെന്നുമായിരുന്നു റിപ്പോർട്ട്. ഇരുനൂറോളം കുടുംബങ്ങളാണ് ഫ്ലാറ്റുകളിലുള്ളത്. 300 കോടിയിലേറെ രൂപ നിർമാണത്തിന് ചെലവായി. ഫ്ലാറ്റ് ഒന്നിന് 75 ലക്ഷംവരെയായിരുന്നു വില.
നിർമാണഘട്ടംമുതൽ ആക്ഷേപം
സിൽവർസാൻഡ് ഐലൻഡിലെ ഭവനസമുച്ചയത്തിന്റെ നിർമാണം തുടങ്ങിയകാലംമുതൽ വിവാദങ്ങൾ വിടാതെ പിന്നാലെയുണ്ട്. വടുതലയിൽ 75 അപ്പാർട്ട്മെന്റുകൾ നിർമിച്ച് എഡബ്ല്യുഎച്ച്ഒക്ക് കൈമാറിയ സ്വകാര്യ ബിൽഡർക്കുതന്നെ സിൽവർസാൻഡ് ഐലൻഡിലെ നിർമാണകരാർ നൽകിയത് അഴിമതി ആരോപണത്തിന് ഇടയാക്കിയിരുന്നു. അന്ന് പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണിയുടെ ഇടപെടലിൽ ആഭ്യന്തര അന്വേഷണം നടന്നെങ്കിലും കാര്യമായ ശിക്ഷാനടപടിയില്ലാതെ അവസാനിപ്പിച്ചു.
2013ലാണ് സിൽവർസാൻഡ് ഐലൻഡിലെ മൂന്നു ടവറുകളുടെ നിർമാണം ആരംഭിച്ചത്. ശിൽപ്പ കൺസ്ട്രക്ഷൻസിനായിരുന്നു കരാർ. അതിനുമുമ്പായി വടുതലയിൽ ശിൽപ്പ നിർമിച്ച 75 അപ്പാർട്ട്മെന്റുകളുള്ള ഭവനസമുച്ചയം എഡബ്ല്യുഎച്ച്ഒ വാങ്ങിയിരുന്നു. വൈറ്റിലയിൽ നിർമിക്കുന്ന അപ്പാർട്ട്മെന്റിന് ഉയർന്ന വിലയും നിശ്ചയിച്ചു. അതുമൂലം വൈറ്റിലയിൽ അപ്പാർട്ട്മെന്റ് ബുക്ക് ചെയ്ത പലർക്കും വടുതലയിലെ അപ്പാർട്ട്മെന്റ് എടുക്കേണ്ട സ്ഥിതിയുണ്ടായി. അന്നത്തെ വിപണിവിലയെക്കാൾ ഉയർന്ന നിരക്കിലാണ് എഡബ്ല്യഎച്ച്ഒ വൈറ്റിലയിലെ അപ്പാർട്ട്മെന്റുകൾ പിന്നീട് വിറ്റത്.
രണ്ട് ഇടപാടിലും വൻ സാമ്പത്തികക്രമക്കേടും അഴിമതിയും നടന്നതായി ആക്ഷേപം ഉയർന്നപ്പോഴാണ് എ കെ ആന്റണി ഇടപെട്ടത്. കോർട്ട് ഓഫ് എൻക്വയറിയെ തുടർന്ന് എഡബ്ല്യുഎച്ച്ഒയുടെ തലപ്പത്ത് ചെറിയ മാറ്റങ്ങൾ വരുത്തിയതൊഴിച്ചാൽ മറ്റൊരു നടപടിയും ഉണ്ടായില്ല. അന്ന് ശിക്ഷാനടപടി എടുത്തിരുന്നെങ്കിൽ ഇരട്ട ടവറുകളുടെ നിർമാണപ്പിഴവുകൾ തടയാനാകുമായിരുന്നെന്ന് താമസക്കാർ പറയുന്നു.