ദുബായ് > ദുബായിൽ നിന്ന് ഷാർജയിലേക്ക് യാത്ര സമയം കുറക്കാനുള്ള റോഡ് വികസന പദ്ധതിയുമായി ആർടിഎ. പദ്ധതിപ്രകാരം ഗാർൺ അൽ സബ്ഖ സ്ട്രീറ്റിൽ നിന്ന് അൽ ഖുസൈസിലേയും ഷാർജയിലേയ്ക്ക് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേയ്ക്കുള്ള ഗതാഗത ദൂരവും സമയവും 40 ശതമാനം കുറയും. ഏറ്റവും തിരക്കേറിയ സമയത്ത് യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 12 മിനിറ്റായി കുറയും. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ജബൽ അലി തുറമുഖത്തിന്റെ ദിശയിലുള്ള അൽ യലായിസ് റോഡിലേക്കുള്ള വാഹനങ്ങളുടെ യാത്രാ സമയം 21 മിനിറ്റിൽ നിന്ന് 7 മിനിറ്റായി കുറയും.
ഗാർൺ അൽ സബ്ഖാ സ്ട്രീറ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ മെച്ചപ്പെടുത്തൽ പദ്ധതിക്കായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) കരാർ നൽകിയിട്ടുണ്ട്. മണിക്കൂറിൽ 17,600 വാഹനങ്ങൾ വഹിക്കാൻ ശേഷിയുള്ള 3000 മീറ്റർ നീളത്തിൽ നാല് പാലങ്ങളുടെ നിർമ്മാണമാണ് പദ്ധതിയുടെ പരിധിയിൽ വരുന്നത്. പദ്ധതിക്ക് 374 ദശലക്ഷം ദിർഹമാണ് ബജറ്റ്.
വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ നിർദേശപ്രകാരമാണ് പദ്ധതി. ദുബായുടെ അഭിവൃദ്ധി പ്രാപിക്കുന്ന പ്രൊഫൈലിനൊപ്പം സഞ്ചരിക്കുന്നതിനും നഗര വികസനത്തിന്റെയും ജനസംഖ്യാ വളർച്ചയുടെയും ആവശ്യങ്ങൾ ഉൾക്കൊള്ളുന്നതിനും റോഡ് അടിസ്ഥാന സൗകര്യ വികസനം തുടരുകയാണ് .
ഗാർൺ അൽ സബ്ഖ സ്ട്രീറ്റ് കോറിഡോർ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു വലിയ സംരംഭത്തിന്റെ ഭാഗമാണ് ഈ പദ്ധതി. ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, അൽ അസയേൽ സ്ട്രീറ്റ് എന്നിവയ്ക്കിടയിൽ ഗതാഗതം സുഗമമായി ഒഴുകുന്നുവെന്ന് ഉറപ്പ് വരുത്തുകയാണ് കൂടിയാണ് ഇതിന്റെ ലക്ഷ്യം.