കൊച്ചി> വ്യാജ വാർത്താ കേസുകൾക്ക് നടപടി നേരിടുന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. കൊച്ചി സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് കൊച്ചിയിൽ പരിശോധന. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് ജീവനക്കാരുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്. രാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്.
പിവി ശ്രീനിജൻ എം എൽ എയ്ക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. എംഎൽഎക്കെതിരെ വ്യാജവാർത്ത നൽകി, വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവപ്രകാരമാണ് കേസെടുത്തത്.
ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യം ഹൈക്കോടതി നിഷേധിച്ചതിന് പിന്നാലെ ഇയാൾക്കെതിരെ കൊച്ചി സിറ്റി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ഷാജൻ സ്കറിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാണ് സർക്കുലർ ഇറക്കിയത്. എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.