തിരുവനന്തപുരം
ജൂണിൽ സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയത് 2,93,424 പേർ. എന്നാൽ 2022ലേക്കാൾ കുറവാണിതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2022 ജൂണിൽ സംസ്ഥാനത്ത് പനിക്ക് ചികിത്സ തേടിയത് 3,50,783 പേരാണ്. സംസ്ഥാനം പനിക്കിടക്കയിലാണെന്നുള്ള വലതുപക്ഷ മാധ്യമങ്ങളുടെ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. |
15,000 വരെയായിരുന്നു 2022ൽ പ്രതിദിന രോഗികളുടെ എണ്ണം. എന്നാൽ, ഡെങ്കിപ്പനി വ്യാപനത്തിൽ ഈ വർഷം വർധനയുണ്ട്. ഈ രോഗവർധന ആരോഗ്യവകുപ്പ് മുൻകൂട്ടികണ്ടിരുന്നു. ജൂലൈയിൽ രോഗവർധനയുണ്ടാകാതിരിക്കാൻ നടപടിയെടുത്തു.
ശനിയാഴ്ച 12,728 പേരാണ് പനിക്ക് ചികിത്സ തേടിയത്. 55 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. രണ്ട് ഡെങ്കിപ്പനി മരണവും രണ്ട് എലിപ്പനി മരണവും ശനിയാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്.
എച്ച്1 എൻ1 കേസ് വർധിക്കുന്നതിനാൽ കുട്ടികളിൽ തലച്ചോർ വീക്കത്തിന് കാരണമാകുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. പനിബാധിച്ച് നാഡീവ്യവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് ഇതിന് പിന്നിൽ. മെനിഞ്ചൈറ്റിസിലേക്ക് കുട്ടികളെ നയിക്കുന്നതിനും ഇതിടയാക്കും.