ഉപ്പുതറ
കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെതിരെ വ്യാജകേസെടുത്ത സംഭവത്തിൽ രണ്ട് വനപാലകർ അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതി കിഴുകാനം സെക്ഷൻ ഫോറസ്റ്റർ തിരുവനനന്തപുരം പൂവത്തുർ ശിവം വീട്ടിൽ വി അനിൽകുമാർ (51) കട്ടപ്പന ഡിവൈഎസ്പി മുമ്പാകെ കീഴടങ്ങി. |
രണ്ടാം പ്രതി ബീറ്റ് ഫോറസ്റ്റ് ഓഫീസർ തിരുവനന്തപുരം എൽവി ഭവൻ വി സി ലെനിനെ(39) പീരുമേട് ഡിവൈഎസ്പി ജെ കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം അറസ്റ്റു ചെയ്തു. കണ്ണംപടി പുത്തൻപുരയ്ക്കൽ സരുൺ സജിക്കെതിരെ വ്യാജകേസെടുത്ത് ജയിലിലടച്ച നടപടിയിലാണ് അറസ്റ്റ്.
ഡിഎഫ്ഒ ഉൾപ്പെടെ വനം വകുപ്പിലെ 13 പേർ കേസിലെ പ്രതികളാണ്. ഇവരിൽ ഒരാൾ മരിക്കുകയും രണ്ടുപേർ ജില്ലാ കോടതിയിൽ കീഴടങ്ങി റിമാൻഡ് കാലാവധി കഴിഞ്ഞ് ജാമ്യം നേടുകയും ചെയ്തിട്ടുണ്ട്. എട്ടുപേർ മുൻകൂർ ജാമ്യം തേടിയെങ്കിലും ഒന്നുമുതൽ മൂന്നുവരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. തുടർന്നാണ് രണ്ടുപേർ അറസ്റ്റിലായത്. മൂന്നാം പ്രതി സീനിയർ ഗ്രേഡ് ഡ്രൈവർ കാഞ്ചിയാർ വടക്കൻ വീട്ടിൽ ജിമ്മി ജോസഫ് ഒളിവിലാണ്. നാലുമുതൽ ഏഴുവരെയുള്ള പ്രതികൾ 15 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
2022 സെപ്തംബർ 20-നാണ് കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവർ സരുൺ സജിയെ കിഴുകാനം ഫോറസ്റ്റർ അനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. സരുണിന്റെ പരാതിയിൽ മനുഷ്യാവകാശ- ഗോത്ര വർഗ കമീഷനുകളുടെ നിർദേശപ്രകാരമാണ് പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തത്.