കൊച്ചി
ദേശീയപാതയുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 25 ശതമാനം തുക നൽകാമെന്ന തീരുമാനത്തിൽനിന്ന് കേരളം പിന്മാറിയിട്ടുണ്ടോ?–- കഴിഞ്ഞ മാർച്ചിൽ ലോക്സഭയിൽ ഹൈബി ഈഡൻ രേഖാമൂലം ഉന്നയിച്ച ചോദ്യമാണിത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഒന്നുപോലും ഹൈബി ഈഡൻ ഉന്നയിക്കാറില്ലെങ്കിലും വികസനം മുടക്കാനുള്ള ഇടപെടലുകൾക്ക് എന്നും മുന്നിലുണ്ട്.
മെട്രോ റെയിലിന്റെ കാക്കനാട് പാതയ്ക്ക് അനുമതി രണ്ടരവർഷം വൈകിച്ച കേന്ദ്രസർക്കാരിനെ ഒരു ചോദ്യംകൊണ്ടുപോലും ഹൈബി നോവിച്ചില്ല. സബർബൻ റെയിൽ, റെയിൽവേ സ്റ്റേഷൻ വികസനം, ദേശീയപാത പദ്ധതികൾ, -മാലിന്യനിർമാർജന–-ശുചിത്വ പദ്ധതികൾ, തുറമുഖവികസനം തുടങ്ങി ഒന്നിലും പോയ നാലുവർഷം ശ്രദ്ധേയ ഇടപെടൽ ഹൈബി നടത്തിയിട്ടില്ല. കൊച്ചിയെ കേരളത്തിന്റെ തലസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ ബിൽ അവതരിപ്പിച്ച ഹൈബി, കൂടുതൽ പരിഹാസ്യനാകുന്നതും അതുകൊണ്ടുതന്നെ.
ഒന്നും ചെയ്തില്ലെങ്കിലും സമയത്തിന് ക്രെഡിറ്റ് എടുക്കുന്നതാണ് രീതി. കഴിഞ്ഞ സെപ്തംബറിൽ കൊച്ചി മെട്രോ കാക്കനാട് പാതയ്ക്ക് കേന്ദ്രാനുമതി കിട്ടിയപ്പോഴും അതുണ്ടായി. സംസ്ഥാന സർക്കാർ നിരന്തരം ഇടപെടുമ്പോൾ മിണ്ടാതിരുന്ന ഹൈബി, താൻ പത്തുതവണ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു എന്ന അവകാശവാദവുമായി എത്തി. കാക്കനാട് രണ്ടാംപാത നിർമാണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് സംസ്ഥാനം കേന്ദ്രാനുമതി തേടിയത്. ബിജെപി നേതൃത്വത്തിന് താൽപ്പര്യമില്ലാത്തതിനാൽ അനുമതി രണ്ടരവർഷം വൈകി. കഴിഞ്ഞ സെപ്തംബറിൽ കേന്ദ്രാനുമതി കിട്ടി.
വൈപ്പിൻ സ്വകാര്യബസുകളുടെ നഗരപ്രവേശത്തിൽ ഉണ്ടായതും ഇതുതന്നെ. നിയമഭേദഗതിക്ക് സർക്കാർ തീരുമാനിച്ചതോടെ എംപി പന്തൽകെട്ടി സമരമാരംഭിച്ചു. മാധ്യമശ്രദ്ധ കിട്ടാതിരുന്നതിനാൽ ആരുമറിയാതെ സമരം അവസാനിപ്പിച്ചു. കൊച്ചിയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ പലതും ഇപ്പോഴും കേന്ദ്രാനുമതിക്കായി കാത്തുകിടക്കുന്നു. അത് തുറന്നുകാട്ടി ബിജെപിയുടെ രാഷ്ട്രീയ ലാക്ക് വെളിപ്പെടുത്താൻ ഹൈബി ശ്രമിച്ചിട്ടില്ല. സിൽവർലൈൻ പദ്ധതിയെ എതിർക്കുകയും ചെയ്തു. നിലനിൽപ്പിനായുള്ള അവസാനപോരാട്ടത്തിലുള്ള കൊച്ചി തുറമുഖത്തിന്റെ വിഷയം ഒരിക്കലെങ്കിലും ലോക്സഭയിൽ ഉന്നയിച്ചില്ല.
മാലിന്യസംസ്കരണത്തിൽ സംസ്ഥാന സർക്കാരും കൊച്ചി കോർപറേഷനും നടത്തുന്ന നീക്കങ്ങളെ തകർക്കാനും പരമാവധി നോക്കി. 10 വർഷത്തെ യുഡിഎഫ് ഭരണം അവസാനിപ്പിച്ച എൽഡിഎഫ് കൗൺസിലിനെ അട്ടിമറിക്കാൻ നടന്ന നീക്കങ്ങൾക്കെല്ലാം പിന്നിൽ എംപിയാണെന്നും ആക്ഷേപമുയർന്നു.