തൃശൂർ
മഴ കനക്കുമ്പോൾ ഇനി ആധിവേണ്ട. ദുരന്ത സാഹചര്യങ്ങളിൽ വാർത്താ വിനിമയ ബന്ധങ്ങൾ തകർന്നാലും ജില്ല ഒറ്റപ്പെടില്ല. കലക്ടറേറ്റിലെ ദുരന്തനിവാരണ അതോറിറ്റിക്കു കീഴിലുള്ള റേഡിയോ വയർലസ് സംവിധാനം കേരളത്തിന് മാതൃകയാവുകയാണ്. കലക്ടറേറ്റ് കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചാണ് പ്രവർത്തനം.
മത്സ്യബന്ധനത്തിനിടെ പുറംകടലിൽ അകപ്പെട്ടാലും ഈ സംവിധാനം പ്രയോജനപ്പെടുത്താം. പക്ഷേ, ഇതിന് കേന്ദ്ര–-സംസ്ഥാന നിയമാനുമതി വേണം. ഒരു റിപ്പീറ്റർകൂടി അനുവദിച്ചാൽ ജില്ല പൂർണ സുരക്ഷാ കവചത്തിലാവും.
കലക്ടറേറ്റിലും ഏഴ് താലൂക്കുകളിലും അപകടസാധ്യതയുള്ള രണ്ട് തീരദേശ വില്ലേജിലും ഈ സംവിധാനം വഴി ആശയവിനിമയം സാധ്യമാണ്. മറ്റു വാർത്താവിനിമയ സംവിധാനങ്ങൾ പരാജയപ്പെട്ടാലും റേഡിയോ ഫ്രീക്വൻസിയിൽ ഇത് പ്രവർത്തിക്കും. അത്യാവശ്യ സാഹചര്യങ്ങളിൽ പുറംകടലിലേക്ക് കണക്ട് ചെയ്യാനാവും വിധമാണ് റിപ്പീറ്ററും ആന്റിനയും സ്ഥാപിച്ചിട്ടുള്ളത്. ലോക്കൽ ഫിഷർമാൻ ചാനലുകളെ ഇതുമായി നിയമപരമായി ബന്ധിപ്പിച്ചാൽ പുറം കടലിൽപ്പെടുന്നവരേയും അതിവേഗം കണ്ടെത്താനാവും. പുറംകടലിൽ എൻജിൻ തകരാറിലായ റാഷിദ മോൾ എന്ന ഫൈബർ വള്ളത്തിലുള്ളവരെ രക്ഷിക്കാൻ ഈ സംവിധാനം പ്രയോജനപ്പെടുത്തിയിരുന്നു. തൃശൂർ പൂരത്തിനും മൊബൈൽ ഫോണുകൾ ജാമായപ്പോൾ സംവിധാനം പ്രയോജനപ്പെടുത്തി.
2018 പ്രളയത്തിൽ പെരിങ്ങൽക്കുത്ത്, ഷോളയാർ ഡാം പ്രദേശം ഒറ്റപ്പെട്ടിരുന്നു. ഇപ്പോൾ ഹാമുകളുടെ സഹായത്താടെ പെരിങ്ങൽക്കുത്ത് ഡാം സൈറ്റിലേക്കും റേഡിയോ വയർലസ് കണക്റ്റ് ചെയ്യാം. റിപ്പീറ്ററിന്റെ ആക്സ് പ്രകാരം 100 കിലോമീറ്റർ വരെ റേഞ്ചുണ്ട്. മറ്റു ജില്ലകളിൽ ഉപയോഗിക്കാതിരിക്കുന്ന ഒരു റിപ്പീറ്റർകൂടി ലഭിച്ചാൽ ഈ മേഖലയിലേക്ക് കലക്ടറേറ്റിൽനിന്ന് നേരിട്ട് ബന്ധം സ്ഥാപിക്കാം. മറ്റിടങ്ങളിലും രക്ഷാപ്രവർത്തനത്തിന് ഏറെ സഹായകരമാവും. കൺട്രോൾ റൂമിലെ ജീവനക്കാരനും ദുരന്തനിവാരണത്തിൽ ഗവേഷക വിദ്യാർഥിയും ചെങ്ങാലൂർ സ്വദേശിയുമായ ഷിബു ജോർജാണ് പ്രവർത്തിക്കാതിരുന്ന വയർലസ് സംവിധാനം കേവലം 75,000 രൂപയോളം ചെലവിൽ പുനഃസ്ഥാപിച്ചത്.
കലക്ടർ വി ആർ കൃഷ്ണ തേജ സംവിധാനത്തിന് പൂർണ പിന്തുണയേകുന്നു. കലക്ടർ ഡോ. എം സി റിജിൽ, എഡിഎം ടി മുരളി, ഹസാർഡ് അനലിസ്റ്റ് സുസ്മി സണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. കെ എസ് ഷനിൽകുമാർ, ലിന്റോ ഫ്രാൻസിസ് എന്നിവരും ഫയർഫോഴ്സ്, പൊലീസ് സേനാംഗങ്ങളും 24 മണിക്കൂറും ഓഫീസിലുണ്ടാവും.