തിരുവനന്തപുരം
വട്ടിയൂർക്കാവിലെ ഐഎസ്ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റിന്റെ ഡയറക്ടറായി ഇ എസ് പത്മകുമാർ ചുമതലയേറ്റു. 1986-ൽ വിഎസ്എസ്സിയിൽ ചേർന്ന അദ്ദേഹം ഗ്രൂപ്പ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, കൺട്രോൾ അസോസിയറ്റ് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനങ്ങൾക്കും ബഹിരാകാശപേടക പരിപാടികൾക്കുമുള്ള മെക്കാനിക്കൽ ഗൈറോകളും ഒപ്റ്റിക്കൽ ഗൈറോകളും അടിസ്ഥാനമാക്കിയുള്ള ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റങ്ങൾ, ഓൾറ്റിറ്റ്യൂഡ് റഫറൻസ് സിസ്റ്റങ്ങൾ, ആക്സിലറോ മീറ്റർ പാക്കേജുകൾ എന്നിവയുടെ രൂപകൽപ്പനയും വികസനവും ഗഗൻയാനിൽ ആദ്യ സഞ്ചാരിയാകുന്ന വ്യോമിത്ര റോബോട്ടിന്റെ വികസനം തുടങ്ങിയ പ്രവർത്തനങ്ങൾ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റിലാണ് നടക്കുന്നത്.
ആർഎൽ വിഎൽഇഎക്സ് ദൗത്യത്തിന്റെ രൂപകൽപ്പനയിൽ പ്രധാന പങ്കുവഹിച്ചു. ഐഎസ്ആർഒയുടെ പുതിയ വിക്ഷേപണ വാഹനമായ എൻജിഎൽവി (നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ) രൂപകൽപ്പന ചെയ്യുന്ന സംഘത്തിന് നേതൃത്വം നൽകുന്നു. ഐഎസ്ആർഒ ടീം എക്സലൻസ്, മെറിറ്റ് അവാർഡുകൾ ഉൾപ്പെടെയുള്ള അവാർഡുകൾ നേടിയിട്ടുണ്ട്.
തൃശൂർ മൂർക്കനിക്കര സ്വദേശിയാണ്. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക്കും ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്ന് സിസ്റ്റം സയൻസ് ആൻഡ് ഓട്ടോമേഷനിൽ ബിരുദാനന്തര ബിരുദവും നേടി. ഭാര്യ ഡോ. ആർ കെ രാധ പാലോട് ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്ലാന്റ് ബയോടെക്നോളജിയിൽ മുതിർന്ന ശാസ്ത്രജ്ഞയാണ്. മകൾ: മേധ പത്മകുമാർ എൻജിനിയറാണ്.