തിരുവനന്തപുരം
കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യം പാർലമെന്റിൽ ഉന്നയിച്ച് കോൺഗ്രസിനെ വെട്ടിലാക്കി ഹൈബി ഈഡൻ എംപി. അനാവശ്യവും അപ്രായോഗികവുമായ ആവശ്യത്തിലൂടെ വ്യക്തിപരമായ നേട്ടമാണ് ഹൈബി ഈഡൻ മുന്നിൽക്കാണുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രാദേശിക വാദമുയർത്തുകയാണ് ലക്ഷ്യം. വിവാദമേൽപ്പിക്കുന്ന പരിക്കിൽനിന്ന് രക്ഷപ്പെടാൻ ഹൈബിയെ തള്ളിപ്പറയേണ്ട ഗതികേടിലാണ് കോൺഗ്രസ് നേതൃത്വം.
കേരളം രൂപീകരിച്ചതുമുതൽ തലസ്ഥാനം തിരുവനന്തപുരമാണ്. ഓഫീസുകളടക്കം തലസ്ഥാനത്തിനാവശ്യമായ ഭൗതിക സാഹചര്യങ്ങളുള്ളത് തിരുവനന്തപുരത്താണ്.
തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യമുന്നയിക്കുമ്പോൾ നിയമസഭയും സെക്രട്ടറിയറ്റുമടക്കമുള്ള മുഴുവൻ സൗകര്യങ്ങളും പുതുതായി നിർമിക്കണമെന്നുകൂടിയാണ് ഹൈബി പറയുന്നത്. റിയൽ എസ്റ്റേറ്റ് താൽപ്പര്യവും സംശയിക്കുന്നവരുണ്ട്. എറണാകുളം എംപിയായ ഹൈബിക്ക് നില ഭദ്രമാക്കുകയെന്ന ലക്ഷ്യവുമുണ്ട്. എറണാകുളത്തിനുവേണ്ടി വാദിക്കുന്ന നേതാവായി സ്വയം ചിത്രീകരിക്കാനായാണ് ഹൈബി സ്വകാര്യബില്ലുമായി പാർലമെന്റിലെത്തിയത്.തള്ളിപ്പറയേണ്ട ഗതികേടിലായിട്ടും വിശദീകരണം തേടാൻപോലും നേതൃത്വം തയ്യാറായിട്ടില്ല. മാർച്ചിൽ അവതരിപ്പിച്ച ബില്ലിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയതോടെയാണ് ചർച്ചയായത്.
അതുവരെ കോൺഗ്രസ് നേതാക്കൾ മൗനത്തിലായിരുന്നു. ജനങ്ങളുടെ എതിർപ്പ് മനസ്സിലാക്കി മനസ്സില്ലാമനസ്സോടെ ഹൈബിയെ തള്ളിപ്പറയാൻ ആരംഭിച്ചിട്ടുണ്ട്. വ്യക്തിപരമായ താൽപ്പര്യമാണെന്ന് തിരുവനന്തപുരം എംപികൂടിയായ ശശി തരൂർ പ്രതികരിച്ചത്. കെ മുരളീധരൻ, അടൂർ പ്രകാശ് തുടങ്ങിയ എംപിമാരും കെ എസ് ശബരീനാഥനടക്കം തെക്കൻ ജില്ലകളിൽനിന്നുള്ള നേതാക്കളും രൂക്ഷ വിമർശം ഉന്നയിച്ചു.ബിൽ പിൻവലിക്കണമെന്ന് ഹൈബിയോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറയേണ്ടി വന്നതും പ്രതിഷേധം കണക്കിലെടുത്താണ്. കോൺഗ്രസിന്റെ നിലപാടല്ല ഹൈബി പറഞ്ഞതെന്നാണ് സതീശന്റെ വാദം. പാർടി നിലപാടിൽനിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചയാൾക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന ചോദ്യം ബാക്കിയാണ്.