തിരുവനന്തപുരം
തദ്ദേശ സ്വയംഭരണവകുപ്പിന്റെ പ്രോപ്പർട്ടി മാപ്പിങ് സൊല്യൂഷനായി വിവരശേഖരണം നടത്തുന്നത് ഡാറ്റാ സുരക്ഷ ഉറപ്പാക്കി. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ നികുതിനിർണയത്തിനും വിവിധ പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അടിസ്ഥാന വിവര ലഭ്യത ഉറപ്പാക്കാനുമാണ് വിവരശേഖരണം നടത്തുന്നത്. വസ്തുവിന്റെയും അതിലെ നിർമിതികളുടെയും വിസ്തീർണം, വൈദ്യുതി കണക്ഷൻ, കുടിവെള്ളലഭ്യത, സംവരണവിഭാഗമാണോ, വൈവാഹികാവസ്ഥ, പ്രായം, വിദ്യാഭ്യാസം തുടങ്ങിയ വിവരങ്ങളാണ് സമാഹരിക്കുന്നത്. ഇവ വിവരശേഖരണ ഏജൻസി സ്വന്തമായി ശേഖരിക്കുന്നില്ല.
ഓരോ കുടുംബത്തിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ, അതതിടത്തുവച്ചുതന്നെ സർക്കാർ സെർവറിലേക്ക് കൈമാറും. തദ്ദേശവകുപ്പിന്റെ ഐടി വിഭാഗം ഇൻഫർമേഷൻ കേരള മിഷന്റെ (ഐകെഎം) ഡേറ്റാബേസുമായി ഓരോ തദ്ദേശഭരണസ്ഥാപനത്തിന്റെയും വിവരശേഖരണം കൂട്ടിച്ചേർത്ത് പൊതുവിവരശേഖരണമാക്കി മാറ്റും. സുരക്ഷിതമായാണ് വിവരങ്ങൾ സമാഹരിക്കുന്നതും കൈമാറുന്നതും. |
വീടുകളിൽനിന്ന് വിവരശേഖരണത്തിന് സർക്കാർ നാല് ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരേ ഏജൻസിതന്നെ സംസ്ഥാനത്തെ മുഴുവൻ വിവരവും സമാഹരിക്കുന്നത് ഒഴിവാക്കാനും വിവിധ ഏജൻസികളുടെ പങ്കാളിത്തം സഹായിക്കുന്നു. ഒരു ജില്ലയിലെയോ ഒരു ബ്ലോക്ക് പഞ്ചായത്തിലെയോപോലും വിവരങ്ങൾ ഒരുമിച്ച് ഒരു ഏജൻസിക്ക് ലഭ്യമാകില്ല. ഇതെല്ലാം ഡേറ്റാ സുരക്ഷയ്ക്ക് അനുഗുണമാണെന്ന് ഡാറ്റാ സുരക്ഷാമേഖലയിൽ പ്രവർത്തിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു.
മറ്റു സംസ്ഥാനങ്ങൾ പലതും വിവരശേഖരണചുമതല സ്വകാര്യ ഏജൻസികളെയാണ് ഏൽപ്പിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും വിവിധ ആവശ്യങ്ങൾക്കുള്ള വിവരശേഖരണത്തിന് പുറംകരാർ ഏർപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്ത് ആധാർ നടപ്പാക്കിയപ്പോൾ വിരലടയാളങ്ങൾ, കൃഷ്ണമണി തുടങ്ങിയവയുടെ ബയോമെട്രിക് വിവരശേഖരണം നടത്തിയതും പുറംകരാർ ലഭിച്ച സ്വകാര്യ ഏജൻസികളാണ്.
വിവരസുരക്ഷയിൽ പ്രതിജ്ഞാബദ്ധം: ഊരാളുങ്കൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം
തദ്ദേശ സ്വയംഭരണവകുപ്പിനായി വീടുതോറുമുള്ള സർവേയിൽ ശേഖരിക്കുന്ന വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അറിയിച്ചു. വീടുകളിൽനിന്ന് വിവരശേഖരണംമുതൽ എല്ലാ വിവരവും എൻക്രിപ്റ്റ് ചെയ്യപ്പെടുന്നു. അനധികൃതമായി ആർക്കും അതിൽ എത്താൻ പറ്റാത്തതരത്തിലുള്ള അധികപരിരക്ഷ ഉറപ്പാക്കി. വിവര ലഭ്യതയ്ക്കുള്ള അധികാരം അംഗീകൃത വ്യക്തികൾക്കുമാത്രമായി കർശനമായി പരിമിതപ്പെടുത്തി. വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാനും ആകസ്മിക സാഹചര്യങ്ങളിൽ ഡാറ്റ ലഭ്യത ഉറപ്പാക്കാനുമായി സുരക്ഷാ ഓഡിറ്റ് ഉറപ്പാക്കി സർക്കാർ സെർവറുകളിൽ വിവരങ്ങൾ പതിവായി ബാക്കപ് ചെയ്യുന്നുണ്ട്. സിസ്റ്റം തകരാറുകളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ വേഗത്തിൽ വിവരങ്ങൾ വീണ്ടെടുക്കാനുള്ള സമഗ്ര റിക്കവറി പദ്ധതിയുമുണ്ട്. വിവര ദുരുപയോഗം സംബന്ധിച്ച വിട്ടുവീഴ്ചയില്ലാത്ത നയം പിന്തുടരുന്ന പ്രസ്ഥാനമാണ് യുഎൽസിസിഎസ് എന്നും മാനേജിങ് ഡയറക്ടർ പറഞ്ഞു.