കണ്ണൂർ
വിരട്ടലിലൂടെ കാര്യം നേടുന്നത് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിയുടെ സ്ഥിരം ശൈലി. വിശ്വസ്തനായ കെപിസിസി സെക്രട്ടറി ബി ആർ എം ഷെഫീർ വെളിപ്പെടുത്തിയതും മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യുന്നതിനിടെ പോക്സോ വിഷയം വന്നപ്പോൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ വിരട്ടിയെന്ന സുധാകരന്റെ വെളിപ്പെടുത്തലും ഒടുവിലത്തേത് മാത്രം. വിരട്ടലിലൂടെ നേടിയെടുത്തതാണ് കെപിസിസി പ്രസിഡന്റ് പദവിയുൾപ്പെടെ പലതും.
കണ്ണൂർ ഡിസിസി പ്രസിഡന്റായതും ഇങ്ങനെയാണ്. ഒരു സംഘം ക്രിമിനലുകളെ ഡിസിസി ഓഫീസിൽ തമ്പടിപ്പിച്ച് തോക്കും ബോംബും മറ്റ് മാരകായുധങ്ങളുമുപയോഗിച്ച് നേതാക്കളെയും പ്രവർത്തകരെയുമാകെ വിരട്ടിയാണ് ഡിസിസി പ്രസിഡന്റ് ആയതെന്ന് പരസ്യമായി പറഞ്ഞത് കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ. അന്ന് വൈസ് പ്രസിഡന്റായിരുന്ന എ ഡി മുസ്തഫയെ വിരട്ടി മുറിയിലടച്ചു.
സംഘടന പിടിക്കാനും അധികാരം നേടാനും മാത്രമല്ല ക്രിമിനലുകൾക്ക് വേണ്ടിയും ഇതേ ശൈലി ആവർത്തിച്ചു. വളപട്ടണം എസ്ഐയെയും പൊലീസുകാരെയും വിരട്ടി മണൽ മാഫിയാ സംഘത്തെ ഇറക്കിക്കൊണ്ടുപോയത് വലിയ വിവാദമായിരുന്നു.
ഒരു തെരഞ്ഞെടുപ്പ് കാലത്ത് കൊടകരയിൽനിന്നു കൊണ്ടുവന്ന ക്വട്ടേഷൻ സംഘം പിടയിലായപ്പോൾ ഉദ്യോഗസ്ഥരെ വിരട്ടി പൊലീസ് സ്റ്റേഷനിൽനിന്നിറക്കി. അരിയിൽ ഷുക്കൂർ വധക്കേസിൽ കെ സുധാകരൻ പൊലീസിനെ വിരട്ടിയാണ് സിപിഐ എം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും പ്രതിചേർത്തതെന്ന് കഴിഞ്ഞ ദിവസം കെപിസിസി സെക്രട്ടറി ബി ആർ എം ഷെഫീറാണ് വെളിപ്പെടുത്തിയത്. കണ്ണൂരിൽ പൊതുയോഗത്തിലായിരുന്നു വെളിപ്പെടുത്തൽ. അതേ യോഗത്തിലാണ് പോക്സോ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒഴിവാക്കാൻ അന്വേഷണോദ്യോഗസ്ഥനെ വിരട്ടിയതെന്ന് കെ സുധാകരനും പറഞ്ഞത്.എനിക്ക് തോന്നിയാൽ ബിജെപിയിലേക്ക് പോകുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് നേതൃത്വത്തെ വിരട്ടിയായിരുന്നു ലോക്സഭാ സീറ്റും പിന്നീട് കെപിസിസി പ്രസിഡന്റ് പദവിയും നേടിയത്.















