മുംബെെ
മുന്നണിയായി 2019 ഒക്ടോബറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ശിവസേനയും ബിജെപിയും മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി തല്ലിപ്പിരിഞ്ഞതോടെയാണ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾക്ക് തുടക്കമായത്. മുഖ്യമന്ത്രിസ്ഥാനം രണ്ടരവർഷംവീതം പങ്കിടാമെന്ന, തെരഞ്ഞെടുപ്പിനുമുമ്പ് ഉണ്ടാക്കിയ ധാരണ ഫലം വന്നശേഷം ബിജെപി തള്ളിയതോടെ ശിവസേന എൻഡിഎ വിട്ടു. 288 അംഗ സഭയിൽ ബിജെപി–-105, ശിവസേന–- 56, എൻസിപി–- 54, കോൺഗ്രസ് 44 എന്നിങ്ങനെയായിരുന്നു സീറ്റ് നില. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് ആദ്യഘട്ടത്തിൽ സർക്കാർ രൂപീകരിക്കാനായില്ല. തുടർന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ബിജെപി കാലുമാറ്റത്തിന് കോപ്പുകൂട്ടിത്തുടങ്ങി.
പ്രതിപക്ഷ മുന്നണിയിലെ എൻസിപിയിൽനിന്ന് ഒരു വിഭാഗത്തെ ചാക്കിട്ടുപിടിച്ച് നവംബർ 23ന് ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി. എൻസിപി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രി. അജിത്തിനെതിരെ എൻസിപി നേതൃത്വം രംഗത്തുവന്നു. ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നീക്കത്തിനെതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ കോടതി ആവശ്യപ്പെട്ടു. ഫഡ്നാവിസും അജിത് പവാറും നവംബർ 26ന് രാജിവച്ചു.
ശിവസേനയും എൻസിപിയും കോൺഗ്രസും ചേർന്ന് മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിച്ചു. നവംബർ 28ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയും അജിത് പവാർ ഉപമുഖ്യമന്ത്രിയുമായി. ഭരണം ഏതുവിധവും തിരിച്ചുപിടിക്കാൻ ബിജെപി പതിവുപോലെ കുതിരക്കച്ചവടത്തിലേക്ക് തിരിഞ്ഞു. മുമ്പ് സഖ്യകക്ഷിയായിരുന്ന ശിവസേനയുടെ എംഎൽഎമാരെ അടർത്തിമാറ്റി സർക്കാരിനെ അട്ടിമറിക്കാനായിരുന്നു നീക്കം. ശിവസേനാ നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിൻഡെയെ മുന്നിൽ നിർത്തി. ശിവസേനാ എംഎൽഎമാരും സ്വതന്ത്രരുമടക്കം 50 പേർ തനിക്കൊപ്പമുണ്ടെന്ന് ഷിൻഡെ പ്രഖ്യാപിച്ചു. 2022 ജൂണിലായിരുന്നു ശിവസേനയെ പിളർത്തിയത്. ഷിൻഡെ വിഭാഗം ശിവസേനയും ബിജെപിയും ചേർന്ന് സർക്കാരുണ്ടാക്കി. ഒരു വർഷം തികയുമ്പോൾ എൻസിപിയെയും പിളർത്തി. മൂന്നുമാസംമുമ്പ് അജിത് പവാറിന്റെ നേതൃത്വത്തിൽ തുടങ്ങിയ വിമതപ്രവർത്തനമാണ് ഇപ്പോൾ പിളർപ്പിലെത്തിയത്.
(തയാറാക്കിയത്: റിസർച്ച് ഡെസ്ക്)
എൻസിപിയിൽ പിളർപ്പില്ലെന്ന് അജിത് പവാർ
മുംബൈ
പാർടിയിൽ പിളർപ്പില്ലെന്നും ഭാവിയിൽ എല്ലാ തെരഞ്ഞെടുപ്പിലും എൻസിപിയുടെ പേരും ചിഹ്നവും ഉപയോഗിച്ച് മത്സരിക്കുമെന്നും അജിത് പവാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തിൽ വിശ്വസിക്കുന്നതിനാലാണ് ബിജെപിയുടെയും ശിവസേനയുടെയും നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിൽ ചേർന്നത്.
അടുത്തിടെ, നാഗാലാൻഡിൽ എൻസിപിയുടെ ഏഴ് എംഎൽഎമാർ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചിരുന്നു. നാഗാലാൻഡിൽ ബിജെപിക്കൊപ്പം നീങ്ങാമെങ്കിൽ മഹാരാഷ്ട്രയിലും ഇത്തരം നീക്കം നടത്തുന്നതിൽ കുഴപ്പമില്ല. ചില എൻസിപി എംഎൽഎമാർ വിദേശത്താണെന്നും അവരുടെ പിന്തുണയും തനിക്കാണെന്നും അജിത് പവാർ അവകാശപ്പെട്ടു.
സത്യം പുറത്തുവരും: ശരദ് പവാർ
മുംബൈ
മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിൽ എംഎൽഎമാരുടെ കൂട്ടക്കൂറുമാറ്റം നടത്തിയ വിഷയത്തിൽ പ്രതികരണവുമായി പാർടി അധ്യക്ഷൻ ശരദ് പവാർ. സത്യം ഉടൻ പുറത്തുവരുമെന്നും തിങ്കളാഴ്ച പാർടി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും പവാർ പറഞ്ഞു. യോഗത്തിൽ നിലവിലെ സ്ഥിതിഗതികൾ ചർച്ചചെയ്യും. അജിത് പവാറിനു പകരം ജിതേന്ദ്ര അവാദിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതായും പവാർ പറഞ്ഞു.















