ന്യൂഡൽഹി
ഛത്തീസ്ഗഢ് മാതൃകയിൽ രാജസ്ഥാനിലെ സംഘടനാപ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി സച്ചിൻ പൈലറ്റ് രംഗത്ത്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സംഘടനയ്ക്കുള്ളിൽ കലാപം ഒഴിവാക്കാനായി ഛത്തീസ്ഗഢിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മുഖ്യ എതിരാളി ടി എസ് സിങ്ദേവിനെ കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രി ആക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ഏറ്റുമുട്ടൽ തുടരുന്ന സച്ചിൻ കരുനീക്കം ആരംഭിച്ചത്.
തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരുമായി ജയ്പുരിൽ പലവട്ടം ചർച്ച നടത്തി. പ്രശ്നപരിഹാരത്തിന് തൃപ്തികരമായ സമവാക്യം ഉണ്ടാക്കിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും ഭീഷണിയുണ്ട്. തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നില്ലെന്ന പരാതിയും സച്ചിൻ ക്യാമ്പിനുണ്ട്.